തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽപ്പാതയ്ക്കായി ഹെലികോപ്ടറോ ചെറുവിമാനമോ ഉപയോഗിച്ച് ഏരിയൽ സർവേ നടത്താനുള്ള അപേക്ഷ ഇന്നലെ മന്ത്രിസഭായോഗം പരിഗണിച്ചില്ല.
ഹൈസ്പീഡ് പാതയ്ക്കായി താത്കാലികമായി നിശ്ചയിച്ച അലൈൻമെന്റിന്റെ ഇരുവശവും 600മീറ്റർ വീതിയിൽ ഏരിയൽ സർവേ നടത്താനാണ് കേരള റെയിൽവേ വികസന കോർപറേഷൻ സർക്കാരിന്റെ അനുമതി തേടിയത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും അനുകൂല നിലപാടെടുത്തെങ്കിലും മന്ത്രിസഭായോഗത്തിൽ വയ്ക്കണമെന്ന് നിർദ്ദേശിച്ചു. , ആശയക്കുഴപ്പം കാരണം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റി.
ഭൂമിയും ചെലവും പരമാവധി കുറച്ചുള്ള താത്കാലിക അലൈൻമെന്റിന്റെ ഏരിയൽ സർവേയ്ക്ക് രണ്ടു മാസമെടുക്കും. സർവേയ്ക്ക് ഹൈദരാബാദിലെ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർവേയ്ക്ക ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് നവംബറോടെ തയ്യാറാക്കും. . അതിനുശേഷം പദ്ധതിക്ക് സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുമതി തേടണം. അനുമതിയായാൽ സ്ഥലമെടുപ്പ് ആരംഭിക്കാം. പദ്ധതിക്ക് 60,000കോടിയോളം ചെലവുണ്ട്. ഇത്രയും പണം കണ്ടെത്തുന്നതും വെല്ലുവിളിയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം കാസർകോട് യാത്രാസമയം 15മണിക്കൂറിൽ നിന്ന് നാലര മണിക്കൂറായി ചുരുങ്ങും.
510കിലോമീറ്റർ :ചെലവ്
55,000 കോടി
ഫ്രഞ്ച് എൻജിനിയറിംഗ് സ്ഥാപനമായ സൈസ്റയുടെ ആദ്യ സാദ്ധ്യതാപഠന റിപ്പോർട്ടിൽ കൊച്ചുവേളി മുതൽ കാസർകോട് വരെ 510കിലോമീറ്റർ പദ്ധതിക്ക് 55,000 കോടിയാണ് ചെലവ് .
നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായല്ലാതെ വളവുകൾ കുറച്ച് നേർരേഖയിലുള്ള പുതിയ റെയിൽവേ ലൈനാണ് സെമി ഹൈസ്പീഡ് ട്രെയിനിനു വേണ്ടത്. 9 പുതിയ സ്റ്റേഷനുകൾ വേണ്ടിവരും.
കൊല്ലത്ത് ബൈപ്പാസിന്റെ തുടക്കത്തിൽ മേവറത്തിനടുത്തായിരിക്കും സ്റ്റേഷൻ . 3,631ഏക്കർ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ഇതിന് 12,000 കോടി ചെലവുണ്ടാവും.
സ്ഥലമെടുപ്പിന് ബുദ്ധിമുട്ടുള്ള നഗരപ്രദേശങ്ങളിൽ എലിവേറ്റഡ് പാത (തൂണുകൾ നിർമിച്ച് അതിന് മുകളിൽ പാളങ്ങൾ) നിർമിക്കും. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, വളാഞ്ചേരി/തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട സ്റ്റേഷനുകൾ.
ചെലവിന്റെ 26 ശതമാനം വീതം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വഹിക്കാനും ബാക്കി തുക വിദേശവായ്പയെടുക്കാനുമാണ് ശ്രമം.
വായ്പാതിരിച്ചടവിന് പണം കണ്ടെത്താൻ 300 ഏക്കർ വരെ സ്ഥലം ഏറ്റെടുക്കാൻ കഴിയുന്നിടങ്ങളിൽ ടൗൺഷിപ്പുകൾ പണിയും. ഇവയെ സെമി ഹൈ സ്പീഡ് റെയിലുമായി ബന്ധിപ്പിക്കും. സ്മാർട്ട് ടൗൺഷിപ്പുകളാക്കി മാറ്റിയും വരുമാനമുണ്ടാക്കും.
700 പേർക്ക് യാത്രചെയ്യാവുന്ന ട്രെയിനുകളാവും സെമി ഹൈസ്പീഡ് പാതയിൽ ഓടുക.