vld-1

വെള്ളറട: അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്താനുപയോഗിച്ച കയറും മൃതദേഹം മറവുചെയ്യാൻ കുഴിയെടുത്ത പിക്കാസും കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ സൈനികൻ അഖിൽ നിർമ്മിക്കുന്ന വീടിന്റെ മുകൾനിലയിലേക്കുള്ള പടിയുടെ അടിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്. അഖിൽ തന്നെയാണ് പൊലീസിന് ഇവ എടുത്തുനൽകിയത്. രാഖിയുടെ കഴുത്തിൽ മുറുക്കിയ പ്ലാസ്റ്റിക് കയർ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രതികളായ അഖിൽ, ആദർശ്, രാഹുൽ എന്നിവരെ തെളിവെടുപ്പിനെത്തിച്ചത്. രാഖിയെ കൊലപ്പെടുത്തിയ തട്ടാമുക്കിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ആദ്യം ഒന്നാം പ്രതിയായ അഖിലിനെയാണ് വാഹനത്തിൽ നിന്നു പുറത്തിറക്കി തെളിവെടുപ്പ് നടത്തിയത്. അതിനുശേഷം അയൽവാസിയായ ആദർശിനെയും. ഇയാളുടെ വീട്ടിൽ നിന്ന് ആദർശിന്റെ ഫോൺ കണ്ടെത്തി. ഇതിനുശേഷമാണ് രണ്ടാം പ്രതിയായ രാഹുലിനെ പുറത്തിറക്കിയത്. സമീപത്തെ റബർ പുരയിടത്തിലാണ് രാഖിയുടെ ചെരിപ്പ് വലിച്ചെറിഞ്ഞതെന്ന് രാഹുൽ വെളിപ്പെടുത്തി. പൊലീസും നാട്ടുകാരും ഏറെനേരം പരിശോധിച്ച് ഒരു ചെരിപ്പ് കണ്ടെത്തി. പൊലീസ് ഇത് ആദർശിനെ കാണിച്ച് ഉറപ്പുവരുത്തി. പിന്നീട് കുഴിവെട്ടാൻ ഉപയോഗിച്ച മൺവെട്ടി രാഹുൽ എടുത്തുനൽകി.

മൃതദേഹത്തിൽ വിതറാൻ ഉപ്പുവാങ്ങിയ അമ്പൂരി ടൗണിലെ കടയിൽ വൈകിട്ട് അഞ്ചേകാലോടെ ആദർശിനെയും രാഹുലിനെയും എത്തിച്ചു. കടയുടമ പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാർ, പൂവാർ സി.ഐ ബി. രാജീവ്, പൂവാർ എസ്.ഐ സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.