general

ബാലരാമപുരം: ബാലരാമപുരം സ്പിന്നിംഗ് മില്ലിന്റെ മതിൽ പൊളിച്ചുമാറ്റി ഐത്തിയൂർ - ഭഗവതിനട റോഡ് വീതി കൂട്ടാൻ വ്യവസായമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ശ്രമങ്ങൾ ആരംഭിച്ചു. ഇതോടെ ഐത്തിയൂർ - ഭഗവതിനട റോഡിൽ വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകും. ഈ വർഷം ജനുവരിയിൽ എം.എൽ.എ നൽകിയ കത്തിനെ തുടർന്ന് സ്പിന്നിംഗ് മിൽ മതിൽ പൊളിക്കാൻ മന്ത്രി അനുകൂലതീരുമാനം അറിയിച്ചിരുന്നു. ജൂലായ് ആദ്യവാരം നിയമസഭയിൽ മന്ത്രി ഇ.പി.ജയരാജന്റെ ചേമ്പറിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ,​ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം.ബഷീർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മതിൽ പൊളിച്ച് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ അന്തിമതീരുമാനം കൈക്കൊണ്ടത്. ലോറി,​ കെ.എസ്.ആർ.ടി.സി ബസ് എന്നിവയ്ക്ക് കടന്നുപോകാനാകുന്നവിധം എത്രയും വേഗം മതിൽപൊളിച്ച് റോഡ് വീതികൂട്ടണമെന്നാണ് എം.എൽ.എ മന്ത്രിയോട് ആവശ്യമുന്നയിച്ചത്. മതിൽ പൊളിച്ചുമാറ്റാൻ മന്ത്രി പച്ചക്കൊടി കാണിച്ചെങ്കിലും പുനർനിർമ്മിക്കാനുള്ള തുക കണ്ടെത്താതെ എങ്ങനെ പൊളിക്കുമെന്ന ആശങ്കയിലാണ് സ്പിന്നിംഗ് മിൽ അധികൃതർ. സ്പിന്നിംഗ് മിൽ മതിൽ പൊളിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അറുന്നൂറോളം വരുന്ന പരിസരവാസികൾ ഒപ്പിട്ട നിവേദനം മുൻ വ്യവസായമന്ത്രിക്ക് കൈമാറിയിരുന്നെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല. മതിൽ പൊളിച്ച് റോഡിന് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.