ആറ്റിങ്ങൽ: ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം നടത്തി വിലസിയിരുന്ന അഞ്ചുപേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. മുദാക്കൽ ചെമ്പൂര് കാവ് വിള രാജീവ് ഭവനിൽ ശ്രീരാജ്(19), ആറ്റിങ്ങൽ കടുവയിൽ രാമച്ചംവിള ശ്രീജ ഭവനിൽ പക്രു എന്നു വിളിക്കുന്ന ആകാശ്(20), കീഴാറ്റിങ്ങൽ പെരുങ്കുളം കാട്ടുവിള വീട്ടിൽ വിഷ്ണുഗോപി(20) എന്നിവരും ഇവരുടെ സഹായികളായ കീഴാറ്റിങ്ങൽ മണനാക്ക് ഷാജി മൻസിലിൽ ആസിഫ് (19), ഇടയ്ക്കോട് പതിനെട്ടാം മൈൽ മടത്തുവിള വീട്ടിൽ ഫസിൽ (20) എന്നിവരാണ് പിടിയിലായത്. മുദാക്കൽ പഞ്ചായത്തിൽ നിരവധി ബൈക്കുകൾ മോഷണം പോയതായി പരാതി ലഭിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്. ഇളമ്പ പള്ളിയറ ക്ഷേത്രത്തിനു സമീപം മണിമംഗലം വീട്ടിൽ വിജയകുമാരൻ പിള്ള, ചെമ്പൂര് ഷിജു ഭവനിൽ ബിജു, കടയ്ക്കാവൂർ വിഷ്ണുപ്രിയ ഭവനിൽ അഭയ് എന്നിരുടെ വീട്ടിൽ പാർക്കു ചെയ്തിരുന്ന ബൈക്കുകൾ അടുത്തടുത്ത ദിവസങ്ങളിൽ രാത്രി മോഷണം പോയിരുന്നു. പരാതികൾ കൂടിയതോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ഇട റോഡുകളിൽ നിരന്തരം നടന്ന വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇങ്ങനെയാണ് സംഘത്തിലെ ഒരാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരും വലയിലായത്. ഇവരിൽ നിന്നിന്ന് മോഷണ ബൈക്കുകളും പിടിച്ചെടുത്തു. ആറ്റിങ്ങൽ സി.ഐ വി.വി ദിപിൻ, എസ്.ഐ എം.ജി.ശ്യാം, പൊലീസുകാരായ പ്രദീപ്, ജയൻ, സലിം, ഷിനോദ്, താജുദ്ദീൻ, അജി, സവാദ്ഖാൻ, അനീഷ്, ലിബിൻ എന്നിവരുൾപ്പെട്ട ടീമാണ് സംഘത്തെ അറസ്റ്റു ചെയ്തത്.