തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനക്‌സ് - 2ന് മുകളിൽ നിന്ന് ചാടി സ്ത്രീ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നെന്ന വ്യാജ ഫോൺ സന്ദേശം നഗരത്തെ ഒരു മണിക്കൂറോളം പരിഭ്രാന്തിയിലാഴ്‌ത്തി. ഇന്നലെ വൈകിട്ട് 4.30ന് ഓർത്തഡോക്‌സ് - യാക്കോബായ സഭാതർക്കം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി അനക്‌സിൽ യോഗം ചേരുന്നതിനിടെയാണ് ഇതേ കെട്ടിടത്തിൽ ആത്മഹത്യാ ശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തിയത്. ഒരു സ്ത്രീ ആത്മഹത്യ ചെയ്യാൻ കെട്ടിടത്തിന്റെ ഏഴാം നിലയിൽ കയറിപ്പോയെന്നായിരുന്നു സന്ദേശം. ഇത്രയും പറഞ്ഞ ശേഷം ഫോൺ കട്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ വിവരം കൈമാറിയതിനെ തുടർന്ന് ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് സംഘം രണ്ടു വാഹനങ്ങളിലായി കുതിച്ചെത്തി. വിവരം മാദ്ധ്യമങ്ങളും അറിഞ്ഞതോടെ ചാനലുകളും ഒ.ബി വാനുകളുമായി പാഞ്ഞെത്തി. ഇതിനിടെ റോഡിന് ഇരുവശവും കാഴ്‌ചക്കാർ നിറഞ്ഞു. ചിലർ സംഭവം മൊബൈലിൽ പകർത്താനും തുടങ്ങി. ഈ സമയത്തും സെക്രട്ടേറിയറ്റിന് മൂക്കിൻതുമ്പിലുള്ള കന്റോൺമെന്റ് പൊലീസ് ഒന്നും അറിഞ്ഞില്ല. ഫയർഫോഴ്സ് വാഹനത്തിന്റെ സൈറൺ കേട്ടാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് ഏഴാം നിലയിലേക്ക് പാഞ്ഞു. ഫയർഫോഴ്സ് അംഗങ്ങളും പൊലീസും ചേർന്ന് ടെറസിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കി. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിൽ ആരും കടക്കാതിരിക്കാൻ വഴി അടച്ചിരുന്നു. ഫോൺ വിളിച്ചത് സ്ത്രീയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞു. സന്ദേശം വന്ന നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.