കിളിമാനൂർ:കട്ടപ്പറമ്പ് മേലെ വടക്കതിൽ അമ്പത് സെന്റ് പുരയിടത്തിൽ ഓലകൊണ്ട് മറച്ച ഒറ്റ ഷെഡിൽ നെന്മേനി വിളാകത്ത് വീട്ടിൽ കൃഷ്ണൻ വർഷങ്ങൾക്ക് മുൻപ് നാന്ദികുറിച്ച മാധവ വിലാസം മലയാളം പ്രൈമറി സ്കൂളിന് യാത്രാദുരിതം ബാക്കി..
വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്ത ഓലപ്പള്ളിക്കൂടം ഇന്ന് ഹൈടെക് സ്കൂളായി ഉയർന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഡെസ്ക്ക്ടോപ്പ്, ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവ നൽകി ഹൈടെക് ക്ലാസ് മുറികളാണ് ഒരുക്കിയത്. സ്ഥിരാ ദ്ധ്യാപകരില്ലാതിരുന്ന സ്ഥലത്ത് മൂന്ന് പേരെ നിയമിച്ചു. ഓരോ കുട്ടിക്കും കസേരയും മേശയും,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്,ക്ലാസ് ലൈബ്രറി, ജൈവ വൈവിദ്ധ്യ ഉദ്യാനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്ന് സുലഭം.
ഒരു വിദ്യാലയവും പൂട്ടില്ല എന്ന സർക്കാർ തീരുമാനത്തിന് ഒരു ഉദാഹരണം കൂടിയാണീ സ്കൂൾ..
ഇരുപത് വർഷങ്ങൾക്ക് മുന്നേ ഇരുന്നൂറിലധികം കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ ഇടക്കാലത്ത് കുട്ടികൾ കുറഞ്ഞതിനാൽ അൺഎക്കണോമിക് എന്ന് പറഞ്ഞ് അടച്ചുപൂട്ടാൻ ശ്രമിച്ചിരുന്നു.വാമനപുരം ആറ്റിന്റ തീരത്ത് മുള്ളിക്കടവിൽ പ്രകൃതി സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലേയ്ക്ക് പുഴക്കരെയുള്ള വിദ്യാർത്ഥികളാണ് ഏറെയും പഠിച്ചിരുന്നത്.മഴക്കാലത്ത് കടത്തുവള്ളത്തിലും വേനൽക്കാലത്ത് വെള്ളം വറ്റുമ്പോൾ പുഴയിലൂടെ നടന്നും കുട്ടികൾ എത്തിയിരുന്നു.
.മലയാളം മീഡിയം മാത്രമുള്ള പള്ളി കൂടത്തിൽ പഠിക്കുന്ന 21 കുട്ടികളും മിടുക്കരാണ്.
എൽ. പി വിഭാഗത്തിൽ ഹൈടെക് ഉപകരണങ്ങൾ കൂടി ലഭിക്കുമ്പോൾ നാല് ക്ലാസ് മുറികളും ഡിജിറ്റലായി മാറും.വരും ദിവസങ്ങളിൽ ജനകീയപങ്കാളിത്തത്തോടെ ഗൃഹസന്ദർശനം,സർഗ വിദ്യാലയ പദ്ധതി, പഠനം രസകരമാക്കാൻ ഗണിത വിജയം, ഹേലോ ഇംഗ്ലീഷ് പരിപാടികൾ നടത്താൻ പി.റ്റി.എ തീരുമാനിച്ചിരിക്കുകയാണ്.