cpm-

ആര്യനാട് : പഞ്ചായത്തിലെ പകൽവീട് നിർമാണത്തിൽ അഴിമതി ആരോപണവുമായി സി.പി.എം. 30 ലക്ഷം രൂപ ലോകബാങ്ക് ഫണ്ട് വിനിയോഗിച്ചാണ്‌ പകൽവീടിന് കെട്ടിടം നിർമിച്ചത്. ഇൗ തുകയ്ക്ക് കെട്ടിട നിർമാണം പൂർത്തിയായിരുന്നില്ല. തുടർന്ന് അർബൻ മിഷൻ ഫണ്ട് കൂടി വിനിയോഗിച്ച് പണി പൂർത്തിയാക്കാനാണ് പഞ്ചായത്ത് ശ്രമിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ നിർമ്മിച്ച കെട്ടിടത്തിനുള്ളിൽ മുറികൾ പൊളിച്ചുമാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടത്തിന് 2.70 കോടി രൂപ മിഷനും 50 ലക്ഷം എം.എൽ.എ ഫണ്ടും ഉൾപ്പെടെ 3.20 കോടിയുടെ നവീകരണം നടത്തുന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. പ്രളയത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്യാതെ പഞ്ചായത്തിൽ കെട്ടിക്കിടക്കുന്നതായും ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ദീക്ഷിത്, പഞ്ചായത്തംഗം എം.എൽ.കിഷോർ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. പ്രളയഫണ്ട് ഏത് വഴി നൽകി എന്നതിൽ വ്യക്തതയില്ല. ഇതിന് പഞ്ചായത്ത് വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ഇവർ ആരോപിച്ചു. ദീർഘ വീക്ഷണമില്ലാതെയാണ്‌ ലോകബാങ്ക് ഫണ്ടിൽ പകൽ വീടിന് മന്ദിരം നിർമിച്ചത്. പഞ്ചായത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പാലം ജം‌ഗ്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ധർണ നടത്തും.

പ്രസിഡന്റ് ഷാമിലാ ബീഗം പറയുന്നത്:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മിഷൻ ഫണ്ട് വിനിയോഗിച്ച് പകൽ വീടിന്റെ മന്ദിര നിർമാണം മാത്രമല്ലെന്നും കൂടുതൽ കെട്ടിടങ്ങളുടെ നിർമാണവും നവീകരണവുമുണ്ട്. ലോക ബാങ്ക് ഫണ്ടിൽ കെട്ടിടത്തിന്റെ ജോലികൾ പൂർത്തിയായില്ല. തുടർന്ന് മിഷൻ ഫണ്ട് വിനിയോഗിച്ചപ്പോൾ ഇൗ മന്ദിരത്തിന്റെ താഴത്തെ നിലയിൽ ചെറിയ മാറ്റങ്ങൾ വേണ്ടിവന്നു. മുറികൾക്ക് പകരം ഹാൾ പണിയണം. ഇതിനായി കെട്ടിടത്തിനുള്ളിൽ മുറികൾക്കായി നിർമിച്ച രണ്ട് ഭിത്തികൾ മാത്രമാണ് പൊളിക്കേണ്ടി വന്നത്.