തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയങ്കരനായ ഗസൽ സംഗീതജ്ഞൻ ഉമ്പായിയുടെ ഒന്നാം സ്മൃതി വർഷം 'വീണ്ടും പാടാം സഖീ' ഭാരത് ഭവനിൽ സംഘടിപ്പിച്ചു. ഹിന്ദിയിലും ഉറുദുവിലും മാത്രം കേട്ട് ശീലിച്ച ഗസൽ സംഗീതത്തിന് മലയാളവും ഇണങ്ങും എന്ന് തെളിയിച്ച അതുല്യ പ്രതിഭക്കുള്ള സ്‌നേഹാഞ്ജലിയായി ചടങ്ങ് മാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സ്മൃതി വർഷം ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ പോൾ, ടി.എൻ. സീമ, ടി.ആർ. അജയൻ, രവി മേനോൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.ആർ. അനിൽ രാജ് സ്വാഗതവും റോബിൻ സേവ്യർ നന്ദിയും പറഞ്ഞു. തുടർന്ന് ഉമ്പായി ഈണം നൽകി ആലപിച്ച ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗസൽസന്ധ്യ ഗായകരായ അപർണ രാജീവിന്റെയും വി. മനുരാജിന്റെയും നേതൃത്വത്തിൽ നടന്നു.