വിരാട് കൊഹ്‌ലിയുടെ ആവശ്യപ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവിശാസ്ത്രി
തുടർന്നേക്കുമെന്ന സൂചനകൾ ശക്തം
മുംബയ് : പുതിയ കോച്ച് വേണ്ട, രവിശാസ്ത്രി തുടർന്നാൽ മതിയെന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ നിലപാട് വിജയിച്ചേക്കുമെന്ന് സൂചന.
അടുത്ത ഹോം സീസൺ മുതൽ പുതിയ പരിശീലക സംഘത്തെത്തേടുന്ന ബി.സി.സി.ഐ മുഖ്യപരിശീലകനെന്ന നിലയിൽ രവിശാസ്ത്രി തുടരട്ടേ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. ക്യാപ്ടന്റെ ഇഷ്ടത്തിന് വിരുദ്ധമായി പുതിയ കോച്ചിനെ കൊണ്ടുവരുന്നതിൽ സുപ്രീംകോടതി ചുമതലപ്പെടുത്തിയ താത്കാലിക ഭരണ സമിതിക്ക് അനുകൂല നിലപാടില്ല. പുതിയ പരിശീലകരെ തിരഞ്ഞെടുക്കാൻ രൂപം നൽകിയ കപിൽദേവ്, അംഷുമാൻ ഗേയ്ക്ക് വാദ്, ശാന്താരംഗസ്വാമി എന്നിവരടങ്ങിയ സമിതിയും വിരാടിനെ തളളിക്കളയേണ്ടതില്ല എന്ന നിലപാടിലാണ്.
2017 ൽ അനിൽ കുംബ്ളെയെ മാറ്റി ശാസ്ത്രിയെ മുഖ്യപരിശീലകൻ ആക്കാൻ മുൻകൈ എടുത്തത് കൊഹ്ലിയാണ്. അതുവരെ ടീം ഡയറക്ടറായിരുന്നു ശാസ്ത്രി. ശാസ്ത്രിയും കൊഹ്ലിയും തമ്മിലുള്ള മാനസിക ഐക്യം പക്ഷേ ടീമിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ടെന്ന വാർത്തകളും ലോകകപ്പിനിടെ പുറത്തുവന്നിരുന്നു. വിരാടിന്റെയും ശാസ്ത്രിയുടെയും ഗുഡ് ബുക്കിലുള്ളവർക്ക് പ്ളേയിംഗ് ഇലവനിൽ അനാവശ്യ പരിഗണന ലഭിക്കുന്നു എന്നതായിരുന്നു ടീമിനുള്ളിലെ പരാതി. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇതിൽ എതിർപ്പുള്ളവരുടെ ഗ്രൂപ്പ് ടീമിൽ രൂപപ്പെട്ടുവെന്നും വാർത്തകളുണ്ടായിരുന്നുവെങ്കിലും വിൻഡീസിലേക്ക് തിരിക്കും മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ കൊഹ്‌ലി ഇത് തള്ളിക്കളഞ്ഞിരുന്നു
ഇതേ പത്രസമ്മേളനത്തിൽ ശാസ്ത്രി പരിശീലകനായി തുടരുന്നതാണ് തനിക്ക് താത്പര്യമെന്ന് കൊഹ്‌ലി പറയുകയും ചെയ്തിരുന്നു. ബി.സി.സി.ഐ അപേക്ഷകരെ ക്ഷണിച്ചിരിക്കേ ഇന്ത്യൻ ക്യാപ്ടൻ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത് അനൗചിത്യമായെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും ജനാധിപത്യ രാജ്യത്തിലെ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് ബി.സി.സി.ഐ താത്കാലിക ഭരണസമിതിയുടെ നിലപാട്. അതേസമയം കോച്ചുമാരെ തിരഞ്ഞെടുക്കാനുള്ള സമിതി അംഗം അംഷുമാൻ ഗേയ്ക്ക് വാദ് ഇതിനെതിരെ പ്രതികരിച്ചിരുന്നു.
ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായതിന്റെ പേരിൽ പരിശീലക സംഘത്തിൽ എന്തെങ്കിലും മാറ്റംവരുത്തമെന്ന അഭിപ്രായം ബി.സി.സി.ഐക്കുള്ളിലും പുറത്തുമുണ്ട്. അങ്ങനെ വരികയാണെങ്കിൽ സഹപരിശീലകരെ ബലികൊടുത്ത് ശാസ്ത്രിയെ തുടരാൻ അനുവദിക്കാനാണ് ആലോചന. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ, ബൗളിംഗ് കോച്ച് ബി. അരുൺ, ഫീൽഡിംഗ് കോച്ച് ശ്രീധർ എന്നിവർ മൊത്തത്തിലോ ഇവരിൽ ഒന്നുരണ്ടുപേരെങ്കിലുമോ മാറാൻ സാദ്ധ്യതയുണ്ട്.
.
ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകൾ നൽകാനുള്ള തീയതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് വലിയ തള്ളിക്കയറ്റമില്ലെന്നാണ് അറിയുന്നത്. ഐ.പി.എൽ ടീം സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മുൻ പരിശീലകൻ ടോം മൂഡി, ന്യൂസിലൻഡിന്റെ മുൻകോച്ച് മൈക്ക് ഹെസൻ, മുൻ ശ്രീലങ്കൻ ക്യാപ്ടൻ മഹേല ജയവർദ്ധനെ തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ഇതിൽ മഹേല താൻ അപേക്ഷ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പരിശീലകനെക്കുറിച്ച് ബി.സി.സി.ഐ സമിതി എന്നോട് അഭിപ്രായം ഒന്നും ചോദിച്ചിട്ടില്ല. എന്നാലും ഹെഡ് കോച്ചായി രവിഭായ് തന്നെ തുടരുന്നതാണ് എനിക്കും ടീമിനും താത്പര്യം.
വിരാട് കൊഹ്‌ലി
വിരാട് കൊഹ്‌ലി പറയുന്നതുപോലെ തിരഞ്ഞെടുപ്പ് നടത്താനാണെങ്കിൽ പിന്നെ ഞങ്ങൾ എന്തിനാണ്? എല്ലാ അപേക്ഷകളും വിശദമായി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും.
അംഷുമാൻ ഗേയ്ക്ക്‌വാദ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടനെന്ന നിലയിൽ തനിക്ക് പരിശീലകനായി ആരെയാണ് വേണ്ടതെന്ന് പറയാനുള്ള അവകാശം വിരാടിനുണ്ട്. ആ സ്വാതന്ത്ര്യത്തിന് തടയിടേണ്ട കാര്യമില്ല
സൗരവ് ഗാംഗുലി
ശാസ്ത്രീയ പരീക്ഷങ്ങൾ
2017 ൽ കൊഹ്‌ലിനോട് തെറ്റിപ്പിരിഞ്ഞ അനിൽ കുംബ്ളയ്ക്ക് പകരക്കാരനായാണ് ശാസ്ത്രി മുഖ്യപരിശീലക സ്ഥാനമേറ്റടുക്കുന്നത്.
70 ശതമാനത്തിലേറെ മത്സരങ്ങളിലും ടീമിന് വിജയം നൽകാൻ പരിശീലകനെന്ന നിലയിൽ ശാസ്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്
ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം. രണ്ട് ഏഷ്യാകപ്പ് കിരീടങ്ങൾ, ജോഹന്നാസ് ബർഗിലെ ടെസ്റ്റ് വിജയം, ഹോം സീരിസുകളിലെ വിജയക്കുതിപ്പ്, നിദാഹാസ് ട്രോഫി എന്നിങ്ങനെ അഭിമാനിക്കാനേറെ വക ശാസ്ത്രിക്കുണ്ട്.
ഏകദിന, ട്വന്റി 20 ലോകകപ്പുകളിൽ സെമിഫൈനലിൽ തോറ്റതാണ് പ്രധാന തിരിച്ചടി. ദക്ഷിണാഫ്രിക്കയിൽ 2-1ന് പരമ്പര തോറ്റതും ബാഡ് മാർക്കായിട്ടുണ്ട്. രവിശാസ്ത്രി ടീം ഡയറക്ടറായിരിക്കേ 2015 ലെ ലോകകപ്പിലും സെമിഫൈനലിൽ പുറത്തായിരുന്നു.
തുടരുന്നത്, തെറിക്കുന്നത്, വരാനിരിക്കുന്നത്
പ്രമുഖരുടെ സാദ്ധ്യതകൾ ഇങ്ങനെ
സഞ്ജയ് ബംഗാർ
നിലവിൽ ബാറ്റിംഗ് കോച്ചായ സഞ്ജയ് ബംഗാറിന്റെ സ്ഥാനത്തിനാണ് ഇപ്പോൾ ഏറ്റവും ഉറപ്പ് കുറവ്. ലോകകപ്പിലെ ബാറ്റിംഗ് പരാജയങ്ങൾക്ക് ബംഗാറിനെ ബലിയാടാക്കിയേക്കും. പുതിയ ബാറ്റിംഗ് പരിശീലകൻ വരുമെന്നാണ് സൂചന. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യൻ സീനിയർ താരങ്ങളടക്കം പ്രകടനം ബംഗാറിനെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. ഐ.പി.എൽ ടീം പഞ്ചാബ് കിംഗ്സ് ഇലവന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കോച്ചായെത്തിയ ബംഗാറിന് അന്താരാഷ്ട്ര പരിചയം കുറവായതും നെഗറ്റീവ് മാർക്കാണ്.
ബി. അരുൺ
ബൗളിംഗ് കോച്ചായി ബി. അരുൺ തുടരുന്നതിൽ വലിയ എതിർപ്പുകൾ ഇല്ല. ഇന്ത്യൻ ബൗളിംഗ് നിരയെ, പ്രത്യേകിച്ച് പേസർമാരെ നന്നായി വാർത്തെടുക്കാൻ കഴിഞ്ഞത് അരുണിന്റെ കീഴിലെന്നതാണ് പ്ളസ് പോയിന്റ്. ഷമി, ബുംറ, ഭുവനേശ്വർ, ഇശാന്ത്, ഉമേഷ് തുടങ്ങിയ പേസർമാർ കരിയറിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യൻ ബൗളിംഗിന് സമീപകാലത്ത് മികവ് കാട്ടനായിട്ടുണ്ട്. എന്നാൽ വിദേശിയായ ഒരു മുൻ പേസറെ വേണമെന്നും അഭിപ്രായമുണ്ട്.
ആർ. ശ്രീധർ
ഫീൽഡിംഗ് കോച്ചായി ശ്രീധർ തുടരുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ജോണ്ടി റോഡ്സിന്റെ അപേക്ഷയാണ്. റോഡ്സിനെപ്പോലെ വിഖ്യാതനായൊരു ഫീൽഡർ വന്നാൽ ശ്രീധറിന് മാറിക്കൊടുക്കാതെ തരമില്ല. റോഡ്സ് പ്രതിഫലക്കാര്യത്തിൽ വഴങ്ങിയില്ലെങ്കിൽ ശ്രീധറിന് തുടരാനാകും. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിനൊപ്പം പ്രവർത്തിച്ചുള്ള ഇന്ത്യൻ പരിചയം റോഡ്സിനുണ്ട്.
ടോം മൂഡി
രവിശാസ്ത്രിയെ തുടരാൻ അനുവദിക്കുന്നില്ലെങ്കിൽ അടുത്ത സ്വാഭാവിക ചോയ്സ് മുൻ ആസ്ട്രേലിയൻ താരം ടോം മൂഡിയാണ്. ഹൈദരാബാദ് സൺറൈസേഴ്സിനൊത്ത് പ്രവർത്തിച്ച പരിചയം ടോം മൂഡിക്ക് ഇന്ത്യയിലേക്ക് വരാനുള്ള പ്രേരണയാണ്. 2017 ലും മൂഡിയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നു. ഇപ്പോൾ കരീബിയൻ പ്രിമിയർ ലീഗിന്റെ ഡയറക്ടറാണ്.
മൈക് ഹെസൻ
സാദ്ധ്യതയിൽ മൂഡിക്ക് പിന്നിലാണെങ്കിലും മുൻ ന്യൂസിലൻഡ് കോച്ചെന്ന നിലയിലെ രാജ്യാന്തര പരിചയം മൈക്ക് ഹെസന് പ്ളസ് പോയിന്റാണ്. ബംഗ്ളാദേശിന്റെ കോച്ചായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടോം മൂഡിയല്ലെങ്കിൽ പുതിയ കോച്ചായെത്താൻ ഏറ്റവും സാദ്ധ്യത ഹെസന് തന്നെ.
റോബിൻ സിംഗ്
കോച്ചായി അപേക്ഷ നൽകിയശേഷം രവിശാസ്ത്രിയെ പരസ്യമായി വിമർശിച്ചിരുന്നു മുൻ ഇന്ത്യൻ താരമായ റോബിൻസിംഗ്. ഇന്ത്യ ആദ്യമായി ട്വന്റി 20 ലോകകപ്പ് നേടിയപ്പോൾ സഹപരിശീലകനായിരുന്നു റോബിൻസിംഗ്. വിവാദങ്ങളുടെ അകമ്പടിയോടെ റോബിൻ സിംഗിനെ പുതിയ പരിശീലകനായി ചുമതലയേൽപ്പിക്കുമെന്ന് കരുതുന്നില്ല.
മഹേല
ഇന്ത്യൻ കോച്ചാകാൻ മഹേല ജയവർദ്ധനെ അപേക്ഷ നൽകിയെന്ന വാർത്ത വിസ്മയം സൃഷ്ടിച്ചിരുന്നു. എന്നാൽ തനിക്ക് താത്പര്യമില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നുമാണ് മഹേല ഒടുവിൽ അറിയിച്ചിരിക്കുന്നത്. മുംബയ് ഇന്ത്യൻസിന്റെ പരിശീലകനായി തുടരാനാണ് താത്പര്യമെന്നും മുൻ ലങ്കൻ ക്യാപ്ടൻ അറിയിച്ചിട്ടുണ്ട്.