തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് സ്‌പോർട്‌സ് ക്വോട്ട സീറ്റുകൾക്കായുള്ള തർക്കത്തെതുടർന്ന് എൻട്രൻസ് കമ്മിഷണറുടെ അലോട്ട്‌മെന്റ് മാറ്റിവച്ചു. ഇതു സംബന്ധിച്ച് കോടതികളിൽ 5കേസുകളായി. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഏഴും ഡെന്റൽ കോളേജുകളിലെ രണ്ടും സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റാണ് തർക്കത്തിൽ കുടുങ്ങിയത്. സ്‌പോർട്‌സ് കൗൺസിൽ തയാറാക്കി നൽകുന്ന റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് സ്‌പോർട്‌സ് ക്വോട്ട അലോട്ട്‌മെന്റ്. കൗൺസിലിന്റെ റാങ്ക് പട്ടിക പ്രകാരം മെഡിക്കലിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായ വിദ്യാർത്ഥി പട്ടികയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് സീറ്റുകളിലെ അലോട്ട്‌മെന്റ് മാറ്റിവയ്ക്കാനായിരുന്നു കോടതി നിർദ്ദേശം. ഇതിനിടെ കൂടുതൽ പേർക്ക് അപേക്ഷ സമർപ്പിക്കാൻ സമയം നൽകിയ സ്‌പോർട്‌സ് കൗൺസിൽ റാങ്ക് പട്ടിക പുതുക്കി നൽകി. ഇതോടെ ആദ്യത്തെ റാങ്ക് പട്ടികയിൽ മാറ്റം വരുത്തിയെന്ന് ആരോപിച്ച് രണ്ട് പേർ കൂടി കേസ് നൽകി. പുതിയ ലിസ്റ്റിന് അനുകൂലമായും പ്രതികൂലമായും കൂടുതൽ കേസുകളുണ്ടായി. മൂന്ന് പേരുടെ അലോട്ട്‌മെന്റ് മാറ്റിവയ്ക്കുന്നത് മറ്റ് സീറ്റുകളെ കൂടി ബാധിക്കുമെന്നതിനാൽ മൊത്തം സ്‌പോർട്‌സ് ക്വോട്ട സീറ്റുകളിലെ അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണർ മാറ്റിവയ്ക്കുകയായിരുന്നു.