തിരുവനന്തപുരം: വൈപ്പിൻ കോളേജിലെ വിദ്യാർത്ഥി സംഘർഷവും കൊച്ചിയിൽ സി.പി.ഐ മാർച്ചിന് നേരേ നടന്ന പൊലീസ് ലാത്തിച്ചാർജും സൃഷ്ടിച്ച വിവാദങ്ങൾക്കിടെ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് നേതാക്കളെ ഒന്നിച്ചിരുത്തി സി.പി.എം, സി.പി.ഐ നേതാക്കൾ ഇന്ന് എ.കെ.ജി സെന്ററിൽ ഉഭയകക്ഷി ചർച്ച നടത്തും. ഇടത് വിദ്യാർത്ഥി സംഘടനകൾക്കിടയിലെ പോരിന് ശമനമുണ്ടാക്കുകയാണ് ലക്ഷ്യം.
മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിനും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും പൊലീസ് മർദ്ദനമേറ്റത് പാർട്ടി അണികൾക്കിടയിൽ വലിയ അസ്വസ്ഥതയും അമർഷവും സൃഷ്ടിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ചർച്ച. ലാത്തിച്ചാർജ് വിഷയത്തിൽ പ്രവർത്തകരുടെ വികാരത്തിനൊപ്പം സംസ്ഥാന സെക്രട്ടറി നിന്നില്ലെന്ന പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപവും ഡി.ഐ.ജി ഓഫീസ് മാർച്ചിന്റെ വിവരം സംസ്ഥാന നേതൃത്വത്തിൽ നിന്ന് മറച്ചുവച്ചെന്ന ആരോപണവുമെല്ലാം സി.പി.ഐക്കകത്ത് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിൽ ഇന്ന് എം.എൻ സ്മാരകത്തിൽ ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും നിർണ്ണായകമാണ്. ഈ യോഗത്തിൽ എറണാകുളം സംഭവത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലാത്തിച്ചാർജ് സംബന്ധിച്ച ജില്ലാ കളക്ടറുടെ . റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി സ്വീകരിക്കാൻ പോകുന്ന നടപടിക്കും സി.പി.ഐ കേന്ദ്രങ്ങൾ കാത്തിരിക്കുന്നു.
പരസ്പരം പോര് എന്തിന് വേണ്ടി
സംസ്ഥാനത്തെ കലാലയങ്ങളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന നിലപാടാവും ഇന്നത്തെ യോഗത്തിൽ എ.ഐ.എസ്.എഫ് നേതൃത്വം മുന്നോട്ടുവയ്ക്കുക.
രാജ്യത്താകെ ഇടത് പുരോഗമന ശക്തികൾ കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ ,ഒരേ മുദ്രാവാക്യവും ഒരേ ആശയവുമായി പ്രവർത്തിക്കുന്ന ഇടത് വിദ്യാർത്ഥികൾ പരസ്പരം പോരടിക്കേണ്ടവരാണോയെന്ന ചോദ്യമാണ് ഉയരുന്നത്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന് ശേഷം വൈപ്പിൻ കോളേജിൽ എ.ഐ.എസ്.എഫ്- എസ്.എഫ്.ഐ സംഘർഷമുണ്ടായതും കണ്ണൂരിൽ എ.ഐ.എസ്.എഫ് ജില്ലാ നേതാവിന് മർദ്ദനമേറ്റതുമെല്ലാം അവരുടെ മനസ്സിൽ പോറലേല്പിച്ചിട്ടുണ്ട്.
അതേസമയം, സംഘടനാ പ്രവർത്തനസ്വാതന്ത്ര്യം എല്ലാവർക്കും അനുവദിക്കാമെന്നത് തന്നെയാണ് നിലപാടെന്ന് എസ്.എഫ്.ഐ നേതൃത്വവും പറയുന്നു. ഇന്നത്തെ ചർച്ചയെ തുറന്ന മനസ്സോടെയാണ് സമീപിക്കുന്നതെന്നാണ് രണ്ട് സംഘടനാനേതൃത്വങ്ങളുടെയും നിലപാട്. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിനും ഇന്ന് തലസ്ഥാനത്ത് തുടക്കം കുറിക്കുകയാണ്.