വക്കം: ആട്ടോഡ്രൈവറെ വാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. കിഴുവിലം പ്ലാക്കോട്ട് കോണം ചരുവിള വീട്ടിൽ കണ്ണപ്പൻ (രതീഷ്, 38), എ.കെ നഗർ സ്വദേശി അനൂപ് (29) എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണനാക്ക് ആട്ടോ സ്റ്റാൻഡിലെത്തിയ രതീഷും അനൂപും ആട്ടോ ഡ്രൈവറായ ഷാക്കിറിനോട് ഏലാപ്പുറം വരെ പോകണമെന്ന് ആവശ്യപ്പെട്ടു. ആട്ടോയിൽ മണനാക്ക് ജംഗ്ഷൻ കഴിഞ്ഞ് ആളില്ലാത്ത സ്ഥലമെത്തിയപ്പോൾ ഡ്രൈവറോട് പണം ആവശ്യപ്പെടുകയും, വാളു കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഡ്രൈവർ നിലവിളിച്ചുകൊണ്ട് ഓടി. അതുകേട്ടെത്തിയ നാട്ടുകാർ അക്രമികളെ ഓടിച്ചിട്ട് പിടികൂടി. പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത്‌ പരിശോധിച്ചപ്പോൾ ഒരു വാളും, 32,000 രൂപയും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾക്കെതിരെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം, കൊലപാതകം, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകളുണ്ടെന്ന് തെളിഞ്ഞത്. അടുത്തിടെ വെഞ്ഞാറമൂട്ടിൽ നിന്ന് 38 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.