തിരുവനന്തപുരം: കൊച്ചിയിൽ സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാർച്ചിന് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ എൽദോ എബ്രഹാം എം.എൽ.എയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും.
എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതായാണ് സൂചന. എറണാകുളം സെൻട്രൽ എസ്.ഐ, ഞാറയ്ക്കൽ ഇൻസ്‌പെക്ടർ തുടങ്ങിയവർക്കെതിരെ നടപടിയുണ്ടാവും. എം.എൽ.എക്ക് മർദ്ദനമേറ്റ സാഹചര്യം ഒഴിവാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും സംഘർഷം നിയന്ത്രിക്കാനുള്ള മുൻകരുതലുകൾ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ലാത്തിച്ചാർജ്ജ്. കമ്മിഷണറോ ആർ.ഡി.ഒയോ സ്ഥലത്തുണ്ടായിരുന്നില്ല. ലാത്തിച്ചാർജിന് മുൻപ് മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നില്ല. എൽദോ എബ്രഹാം എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥൻ പിന്നിൽ നിന്നാണ് അടിച്ചതെന്നും കളക്ടരുടെ റിപ്പോർട്ടിലുണ്ട്. എം.എൽ.എ ആണെന്ന് അറിയാതെയാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഞാറയ്ക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ച് തലേദിവസമാണ് എറണാകുളത്തെ ഡി.ഐ.ജി ഓഫീസിലേക്ക് മാറ്റിയത്. ഇക്കാര്യം പൊലീസിനെ ഔദ്യോഗികമായി അറിയിച്ചില്ല. മാർച്ച് നടന്ന ദിവസം രാവിലെ മാത്രമാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വഴി പൊലീസിന് വിവരം ലഭിച്ചത്. അതിനാൽ സുരക്ഷയൊരുക്കാൻ സമയം കിട്ടിയില്ല. നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവർ സ്ഥലത്തെത്തുമായിരുന്നു. കളക്ടറുടെ റിപ്പോർട്ട് ഇങ്ങനെയാണെങ്കിലും എം.എൽ.എയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.