kerala-treasury

തിരുവനന്തപുരം: ട്രഷറി സേവിംഗ്സ് അക്കൗണ്ടിലൂടെ മാത്രം ശമ്പള വിതരണമെന്ന സർക്കാർ തീരുമാനം ഇന്നലെ മുതൽ നടപ്പായി. ശമ്പളവിതരണത്തിന്റെ ആദ്യദിവസമായ ഇന്നലെ സെക്രട്ടേറിയറ്റ്, റവന്യു, ജുഡീഷ്യറി, ടാക്സ് വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളമാണ് വിതരണം ചെയ്തത്. ഇന്ന് അദ്ധ്യാപകർ, പൊലീസ് തുടങ്ങിവർക്ക് വിതരണം നടത്തും.

ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാർക്കിലെ ജീവനക്കാരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എംപ്ളോയീസ് ട്രഷറി സേവിംഗ്സ് അക്കൗണ്ട് തുടങ്ങി. ഇതിലേക്കാണ് ശമ്പളം ഇന്നലെ ക്രെഡിറ്റ് ചെയ്തത്. എന്നിരുന്നാലും ശമ്പളം ക്രെഡിറ്റാകുന്ന അതേ സമയത്ത് തന്നെ ജീവനക്കാരുടെ അതത് ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം പോകുന്ന തരത്തിലായിരുന്നു ക്രമീകരണം. അതുമൂലം ശമ്പളം ലഭിക്കുന്നതിന് ജീവനക്കാർക്ക് തടസമുണ്ടായില്ല. അതുകൊണ്ട് ട്രഷറി അക്കൗണ്ടിലൂടെയുളള ശമ്പളവിതരണത്തിൽ ഇന്നലെ ആർക്കും പരാതിയുമുണ്ടായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയോട് സഹകരിക്കാൻ താൽപര്യമുളളവർക്ക് വേണമെങ്കിൽ ഇൗ മാസം 18 വരെയോ, അതിൽ കൂടുതലോ കാലം ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കാൻ സംവിധാനമുണ്ട്. ബാങ്കിലിട്ടാൽ കേവലം 3.5 ശതമാനം പലിശയാണ് മാസാന്ത്യത്തിൽ ലഭിക്കുക. എന്നാൽ ട്രഷറി അക്കൗണ്ടിലിട്ടാൽ ആറുശതമാനം പലിശ ലഭിക്കും. ഇത് സർക്കാർ ജീവനക്കാർക്ക് മാത്രമുള്ള ആനുകൂല്യമാണ്. അതത് വകുപ്പിലെ മേലധികാരികൾ മുഖേന സമ്മതപത്രവും തുകയുടെ കണക്കും സഹിതം അപേക്ഷ നൽകിയാൽ ഇൗ സംവിധാനം ഉപയോഗിക്കാം. ഇത് ജീവനക്കാരുടെ താൽപര്യം അനുസരിച്ച് മാത്രമാണ് ചെയ്യുകയെന്നും സർക്കാർ വ്യക്തമാക്കി.10- ാം തീയതി വരെയാണ് ശമ്പളവിതരണം.