ashes

എഡ്‌ജബാസ്റ്റൺ: ആഷസ് പരമ്പരയിലെ ആദ്യമത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ആദ്യദിനം ഒന്നാം ഇന്നിംഗ്സിൽ 284 റൺസിന് ആൾഔട്ടായി. സ്റ്റീവൻ സ്മിത്ത് (144) പൊരുതി നേടിയ സെഞ്ച്വറി ഇല്ലായിരുന്നെങ്കിൽ കംഗാരുക്കളുടെ സ്ഥിതി ഇതിലും ദയനീയമായേനെ. മഴ ഇടയ്ക്ക് തടസപ്പെടുത്തിയ ഒന്നാംദിനം സ്റ്രമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ വിക്കറ്ര് നഷ്ടമില്ലാതെ 10 റൺസെടുത്തിട്ടുണ്ട്. 4 റൺസുമായി റോയി ബേൺസും 6 റൺസുമായി ജാസൻ റോയ്‌യുമാണ് ക്രീസിൽ.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും ചേർന്നാണ് ഒാസീസിനെ എറിഞ്ഞിട്ടത്. സ്റ്റോക്സിന് ഒരു വിക്കറ്റ് ലഭിച്ചു.നാലോവർ മാത്രമെറിഞ്ഞ സ്ട്രൈക്ക് ബൗളർ ജെയിംസ് ആൻഡേഴ്സൺ പരിക്കേറ്റ് മടങ്ങിയിരുന്നു. കാൽമുട്ടിലെ പരിക്കിന് ഏറെനാൾ വിശ്രമത്തിലായിരുന്ന ആൻഡേഴ്സന്റെ മടങ്ങിവരവിൽ വീണ്ടും പരിക്കേൽക്കുകയായിരുന്നു. വാർണറെ (2) എൽ.ബിയിൽ കുരുക്കി ബ്രോഡാണ് ആക്രമണം തുടങ്ങിയത്. മറ്റൊരു ഓപ്പണർ കാമറൂൺ ബാൻക്രോഫ്ടിനെയും (8) ബ്രോഡാണ് പുറത്താക്കിയത്. സ്‌മിത്തിനെക്കൂടാതെ പീറ്റർ സിഡിൽ (44), ട്രാവിസ് ഹെഡ് (35) എന്നിവർക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്. 219 പന്ത് നേരിട്ട് 16 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് സ്‌മിത്തിന്റെ ഇന്നിംഗ്സ്.

വാർണർക്ക്

സാൻഡ് പേപ്പർ

കഴിഞ്ഞവർഷം സാൻഡ് പേപ്പർ കൊണ്ട് പന്തുരച്ചതിന് വിലക്കിലായി തിരിച്ചെത്തിയ ഒാസീസ് താരം ഡേവിഡ് വാർണറെ ഗാലറിയിൽ മഞ്ഞ സാൻഡ് പേപ്പർ ഉയർത്തിക്കാട്ടി കളിയാക്കി ഇംഗ്ളീഷ് കാണികൾ. ഇംഗ്ളണ്ടിൽ നടന്ന ലോകകപ്പിനിടെ വാർണറെ കാണികൾ കൂവിയിരുന്നു