കുളത്തൂർ: പാർവതി പുത്തനാറിനെയും തീരദേശ കായലുകളെയും ബന്ധിപ്പിച്ചുള്ള ദേശീയജലപാതയുടെ ഒന്നാംഘട്ടം അതിവേഗത്തിൽ. സംസ്ഥാനത്തെ ജലപാതയുടെ വികസനത്തിന് സംസ്ഥാന സർക്കാരും സിയാലും ചേർന്ന് രൂപം നൽകിയ കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (ക്വിൽ) പുത്തനാറിന്റെ നവീകരണ ചുമതല. കോവളം മുതൽ കൊല്ലം വരെയുള്ള ജലപാതയുടെ നവീകരണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി ആധുനിക യന്ത്രം ഉപയോഗിച്ച് പുത്തനാറിന്റെ ആഴം രണ്ട് മീറ്റർ വരെ വർദ്ധിപ്പിച്ചു. തുടർന്ന് ഇരുവശത്തുമുള്ള കര ബലപ്പെടുത്തി പാർശ്വഭിത്തികൾ നിർമ്മിക്കുന്ന ജോലിയാണ് നടക്കുന്നത്. നവീകരിക്കുന്നതോടൊപ്പം പുത്തനാറിലേക്കുള്ള മാലിന്യ നിക്ഷേപം തടയാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്. പാർവതിപുത്തനാറിന്റെ പല ഭാഗത്തും 8 മീറ്റർ വീതി മാത്രമേയുള്ളു. കനാൽ തീരത്തെ കൈയേറ്റങ്ങൾ പെട്ടെന്ന് ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കാൻ കഴിയില്ല. ഇവ ഒഴിപ്പിച്ച് 2022ൽ തീരുന്ന രണ്ടാംഘട്ട വികസനത്തിൽ കനാൽ 17 - 20 മീറ്റർ വരെ വീതികൂട്ടാനാണ് അധികൃതരുടെ തീരുമാനം. പാർവതി പുത്തനാറിന്റെ ഇരുകരകളുടെ മുഴുവൻ ഭാഗവും കല്ല് പാകി സംരക്ഷിക്കും. കോവളം, തിരുവല്ലം, വള്ളക്കടവ്, ചാക്ക, ആക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ ബോട്ടുജെട്ടി പണിയാനുള്ള രൂപരേഖ തയ്യാറായി.