തിരുവനന്തപുരം: നഗരപരിധിക്കുള്ളിൽ അനധികൃത കെട്ടിടങ്ങൾ ഉയരുന്നത് തടയാൻ ശക്തമായ നടപടികളുമായി നഗരസഭ. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടനിർമ്മാണത്തിന് ഇനി രണ്ടുവട്ടം അനുമതിവാങ്ങണം. ഇത് സംബന്ധിച്ച ശുപാർശ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കാൻ കഴിഞ്ഞ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനുള്ള അപ് ലോഡിഗും പരശോധന സംവിധാനവും ഏർപ്പെടുത്താൻ നിർദ്ദേശിച്ച് ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന കമ്പനിക്ക് കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ബഹുനില കെട്ടിടങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകം.

മറ്റു ശുപാർശകൾ ഇങ്ങനെ

പുതിയ ഏകവാസ വീടുകൾക്കടക്കം മഴവെള്ള സംഭരണിയും മാലിന്യ സംസ്‌കരണവും നിർബന്ധം.

4 സെന്റിന് മുകളിലുള്ള സ്ഥലത്ത് നിർമ്മിക്കുന്ന

80ച.മീറ്ററിൽ കൂടുതലുള്ളകെട്ടിടങ്ങൾക്ക്......മഴവെള്ള സംഭരണി നിർബന്ധം


 80 ചതുരശ്രമീറ്ററിൽ താഴെയുള്ളവയ്ക്ക്..... മഴക്കുഴി നിർബന്ധം

ഇവയെല്ലാം കെട്ടിടനിർമ്മാണ അനുമതിക്ക് സമർപ്പിക്കുന്ന പ്ലാനിൽ തന്നെ നിർദ്ദേശിച്ചിരിക്കണം.

ഇത് പാലിക്കുന്ന കെട്ടിടങ്ങൾക്കേ നമ്പർ നൽകൂ.

 60ച.മീറ്ററിന് മുകളിലുള്ള മുഴുവൻ കെട്ടിടങ്ങൾക്ക്.... ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിർബന്ധം

കിച്ചൺ ബിൻ മുതൽ കമ്പോസ്റ്റ് വരെ ഏത് സംവിധാനവും നിർമ്മിക്കാം.

തുടക്കത്തിലെ പ്ലാനിൽ തന്നെ ഇതിന്റെ സ്ഥാനം കാണിക്കണം.

ആദ്യം വെള്ളം പിന്നെയാകട്ടെ തറയോട്

പുതിയ കെട്ടിടങ്ങൾക്ക് ചുറ്റും വെള്ളം ഭൂമിയലേക്ക് താഴ്ന്നിറങ്ങുന്ന തരത്തിലുള്ള ഇന്റർലോക്ക് കട്ടകളോ തറയോടോ മാത്രമേ പാകാവൂ എന്നതാണ്പുതിയ നിർദേശം. കെട്ടിടനിർമ്മാണം കഴിഞ്ഞുള്ള സ്ഥലത്തിന്റെ പകുതി ഭാഗത്ത് മാത്രമേ ഇവയും ഇടാവൂ. ബാക്കി പകുതി സ്ഥലം ഒന്നും ചെയ്യാതെ ഒഴിച്ചിടണം. മണ്ണിലേക്ക് വെള്ളം താഴ്ന്നിറങ്ങാത്ത തരത്തിലുള്ള കോൺക്രീറ്റ് അടക്കമുള്ള യാതൊരു നിർമ്മാണവും പാടില്ല.

അനുമതികൾ അനവധി

ആദ്യ അനുമതി പ്രകാരം അടിസ്ഥാനം കെട്ടണം. തുടർന്ന് നിർമ്മാണം തുടരേണ്ട സ്ഥലത്തിന്റെ ചിത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമർപ്പിക്കണം. നിയമലംഘനം ഇല്ലെന്ന് ഉറപ്പായാൽ 14ദിവസത്തിനകം മറ്റൊരു അനുമതി നൽകും. ഈ നിയമമാണ് നഗരസഭ കൗൺസിൽ പാസാക്കിയത്. 14 ദിവസത്തിനകം രേഖാമൂലം അപേക്ഷ ലഭിച്ചില്ലെങ്കിൽ അപേക്ഷകന് അനുവാദം ലഭിച്ചതായി കണക്കാക്കി പണി തുടങ്ങാം.