കല്ലമ്പലം: "പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ആവാസ വ്യവസ്ഥ സംരക്ഷിക്കൂ" എന്ന സന്ദേശവുമായി പുല്ലൂർമുക്ക് ഗവ. എം.എൽ.പി.എസ് പ്രകൃതിസംരക്ഷണ സംഗമവും കാൽനട ജാഥയും സംഘടിപ്പിച്ചു. ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ സ്കൂളിന് സമീപം ഉപയോഗശൂന്യമായി കിടന്ന കുടവൂർച്ചിറയുടെ തീരത്താണ് പ്രകൃതിസംരക്ഷണ സംഗമം ഒരുക്കിയത്.
കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും കാൽനട ജാഥയായി കടവൂർച്ചിറയുടെ തീരത്തെത്തിച്ചേരുകയായിരുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്തു ബീവി സംഗമം ഉദ്ഘാടനം ചെയ്തു. ഹരിത നിയമാവലിയുടെ പുന പ്രഖ്യാപനം പ്രഥമാദ്ധ്യാപിക ഗംഗ ടീച്ചർ നിർവഹിച്ചു.
പഠനത്തെളിവുകൾ സൂക്ഷിക്കുന്നതിനുള്ള പേപ്പർ നിർമിത പോർട്ട് ഫോളിയോ ബാഗുകളും സ്റ്റെയിൻലസ് സ്റ്റീൽ വാർട്ടർ ബോട്ടിലുകളും വികസന സമിതിയംഗം ജിഹാദ് വിതരണം ചെയ്തു. ആധുനിക ജീവിതം പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്കേൽപിക്കുന്ന ആഘാതങ്ങളുടെ തിരിച്ചറിവിൽ നിന്നാണ് ഇത്തരം ബദൽ മാർഗങ്ങളിലൂടെ മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് അദ്ധ്യക്ഷതയിൽ പി.ടി.എ വൈസ് പ്രസിഡന്റ് പ്രിയങ്ക പറഞ്ഞു. പരിസ്ഥിതിയെ അവഗണിക്കുന്ന ജനസമൂഹങ്ങൾക്കായി ചിറക്കരയിൽ ജാഗ്രതാ ബോർഡ് സ്ഥാപിച്ചുകൊണ്ടാണ് സംഗമം പിരിഞ്ഞത്.'കാമ്പസ് ഒരു പാഠപുസ്തകം' എന്ന പാഠ്യപദ്ധതിയുടെ ആശയ സാക്ഷാൽക്കാരത്തിനായി സ്കൂളിൽ പക്ഷികൾക്ക് കുടിനീരൊരുക്കാനും കാമ്പസിനെ കൂടുതൽ ഹരിതാഭമാക്കാനുമുള്ള കർമപദ്ധതിയിലെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്ന് എസ്.ആർ.ജി കൺവീനർ ജയകുമാർ പറഞ്ഞു. സന്ധ്യ ടീച്ചർ നന്ദി പറഞ്ഞു. അദ്ധ്യാപക വിദ്യാർത്ഥികളായ അൽതാഫ്, അൻസിയ, മുഹ്സിന എന്നിവർ നേതൃത്വം നല്കി.