തിരുവനന്തപുരം: പ്രളയസെസ് ഏർപ്പെടുത്തിയതുമൂലം കേരളത്തിൽ നടക്കേണ്ട വ്യാപാരം അയൽ സംസ്ഥാനത്തേക്ക് പോയാൽ നഷ്ടം സംസ്ഥാനത്തെ വ്യാപാരികൾക്കായിരിക്കും. അതേസമയം, മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് കേരളീയർ വാങ്ങുന്ന ഉല്പന്നങ്ങളുടെ അന്തർസംസ്ഥാന നികുതിയുടെ പകുതി സംസ്ഥാന സർക്കാരിന് കൃത്യമായി കിട്ടുകയും ചെയ്യും.
ഉദാഹരണത്തിന് തിരുവനന്തപുരം സ്വദേശി രണ്ടുലക്ഷം രൂപയുടെ ഉല്പന്നം നാഗർകോവിൽ നിന്ന് വാങ്ങി ഇ-വേ ബിൽ ഉപയോഗിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നാൽ ഈ ഉല്പന്നത്തിന്റെ വ്യാപാരം വഴി ലഭിക്കുന്ന അന്തർസംസ്ഥാന ചരക്കുസേവന നികുതിയുടെ (ഐ.ജി.എസ്.ടി) പകുതി കേരളത്തിന് ലഭിക്കും. ബാക്കി പകുതി കേന്ദ്ര സർക്കാരിനും. ഇതേ ആൾ തിരുവനന്തപുരത്തെ കടയിൽ നിന്ന് ഇത് വാങ്ങിയാലും സംസ്ഥാന സർക്കാരിന് ഇതേ നികുതിയേ കിട്ടൂ. അതേസമയം, തിരുവനന്തപുരത്തെ കച്ചവടക്കാരന് ഈ വ്യാപാരം നഷ്ടപ്പെടുകയും ചെയ്യും.
50,000 രൂപയ്ക്ക് താഴെയുള്ള ഉല്പന്നം വാങ്ങുമ്പോൾ മാത്രമാണ് ഇ-വേ ബിൽ ആവശ്യമില്ലാതെ വരുന്നത്. അപ്പോൾ മാത്രമാണ് സംസ്ഥാനത്തിന് നികുതി നഷ്ടം വരിക. കൃത്യമായി പിരിച്ചാൽ 500 കോടി രൂപയെങ്കിലും ലഭിക്കുമെങ്കിലും പ്രളയസെസ് കൊണ്ട് കേരളത്തിന് നേട്ടമുണ്ടാകില്ലെന്നാണ് നികുതി പിരിവ് രംഗത്തെ പരിചയ സമ്പന്നരും വിദഗ്ദ്ധരും പറയുന്നത്. സെസ് പിരിവ് തുടങ്ങുന്നതുമൂലം കേരളത്തിലെ വ്യാപാരികൾക്കുണ്ടാവുന്ന നഷ്ടംമൂലം കുറയുന്ന നികുതി വരുമാനം നികത്താൻ പോലും സെസ് പിരിവ് തികയണമെന്നില്ല.
ഉല്പന്നങ്ങൾക്ക് പരമാവധി ചില്ലറ വിലയിൽ (എം.ആർ.പി) കൂടുതൽ ഈടാക്കാൻ കഴിയില്ലെന്നതിനാൽ വ്യാപാരികളാണ് ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാനത്തിന് മാത്രമായി ഒരു എം.ആർ.പി ഉണ്ടാക്കാൻ പറ്റില്ല. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് നികുതി വകുപ്പുമല്ല, മറിച്ച് ലീഗൽ മെട്രോളജി വകുപ്പാണ്. നേരിയ മാർജിൻ മാത്രമുള്ളതും വലിയ തോതിൽ വിറ്രുപോകുന്നതുമായ ഉല്പന്നങ്ങളിൽ ഒരു ശതമാനം സെസ് പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം സെസ് ഏർപ്പെടുത്തിയതോടെ ഓൺലൈൻ വ്യാപാരങ്ങൾക്ക് പ്രിയമേറിയിട്ടുണ്ട് . ഓൺലൈനാണ് ലാഭകരം എന്ന ചിന്തയാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നവരെയും മദ്ധ്യവർഗങ്ങളെയും സ്വാധീനിക്കുന്നത്. ഇതും കച്ചവടക്കാർക്ക് തിരിച്ചടിയാണ്.