കൊച്ചി: കോടികൾ വിലമതിക്കുന്ന രാസലഹരിയായ കാലിഫോർണിയ 9നുമായി പിടിയിലായ ആലുവ കീഴ്മാട് സ്വദേശി ഇടയത്താളിൽ വീട്ടിൽ സഫർ സാദിഖി (24) ഗോവയിൽ നിന്നും കൊച്ചിയിലേക്ക് നിരവധി തവണ ലഹരി കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി. ട്രെയിൻ മാർഗം ഒറ്റയ്ക്കാണ് ഇയാൾ കടത്തും വില്പനയും നടത്തിയിരുന്നത്. ഇങ്ങനെ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് എക്‌സൈസ് വിലയിരുത്തൽ. കേസിൽ പ്രതിയുടെ മുൻകാല ഇടപാടുകളും കൂട്ടുപ്രതികൾ ഉണ്ടായോ എന്നുമാണ് എക്‌സൈസ് അന്വേഷിക്കുന്നത്. നിലവിൽ, റിമാൻഡിലാണ് സഫർ. ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
ഒരു സ്റ്റാമ്പിൽ 360 മൈക്രോഗ്രാം ലൈസർജിക് ആസിഡ് വീതം അടങ്ങിയിട്ടുള്ള ത്രീ ഡോട്ടട് എൽ.എസ്.ഡി. സ്റ്റാമ്പാണ് 'കാലിഫോർണിയ 9'. ഇന്നലെ എറണാകുളം പൊന്നാരിമംഗലത്ത് നിന്നാണ് സഫറിനെ പിടികൂടിയത്. 25 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. നാർക്കോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് എന്ന പേരിൽ രൂപീകരിച്ചിട്ടുള്ള വിവരശേഖരണ ശൃംഖലയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രാഥമിക അന്വേഷണത്തിൽ ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉല്പാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ നിന്നും ഗോവയിലെത്തി സ്ഥിര താമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക്ക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്. നേരിട്ട് നാക്കിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ ഉന്മാദ അവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ടതാണ്. നാക്കിലും ചുണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അല്പം കൂടിപ്പോയാൽ തന്നെ മരണപ്പെടാൻ സാദ്ധ്യത കൂടുതലാണ്. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സുരേഷ്, ഇൻസ്‌പെക്ടർ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ കെ.ആർ. പ്രസാദ്, സി.ഇ.ഒമാരായ എം.എം. അരുൺ കുമാർ, വിപിൻദാസ്, ഹരിദാസ്, രതീഷ്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.