chavakkad-murder

കൊച്ചി/തൃശൂർ: ചാവക്കാട് പുന്ന നൗഷാദ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ)​ വിടണമെന്ന ആവശ്യമായി ബന്ധുക്കളും പ്രാദേശിക കോൺഗ്രസും രംഗത്ത്. സാധാരണ രാഷ്ട്രീയ കൊലപാതകമായി ഇതിനെ കാണാനാകില്ലെന്നും ആസൂത്രിത കൊലയാണിതെന്നുമാണ് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്. കൊലപാതകം നടന്നിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ പൊലീസ് ഇതുവരെ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നതും എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യത്തിനു കാരണമായി ബന്ധുക്കൾ പറയുന്നു.

ഇതിനിടെ കൊലപാതകത്തിന് സഹായം നൽകിയ നാലു പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികളെ കുറിച്ച് നിർണായക സൂചനകൾ ലഭിച്ചെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ഇതിനോടകം 25 ഓളം പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെങ്കിലും പലരെയും ചോദ്യം ചെയ്ത് വിട്ടയച്ചു. എതാനും പേരെ പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. 22 പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. 14 പേർ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ട്. അക്രമി സംഘത്തിന് പ്രാദേശികമായി പിന്തുണ നൽകിയവരെ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നാലു പേരെ കസ്റ്റഡിയിൽ എടുത്തത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടവർക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ഷാജി, മൊയ്തീൻ, അഷറഫ് എന്നിവരടക്കം നാലു പേരെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. ഇവർ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. സമൂഹ മാദ്ധ്യമങ്ങളിൽ വന്ന പോസ്റ്റുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പുന്ന സ്വദേശി നൗഷാദിനെതിരെ നാളുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിലൂടെ പരസ്യമായ കൊലവിളി നടത്തിയിരുന്നു. കൊലപാതകങ്ങളിലടക്കം വൈദഗ്ദ്ധ്യം നേടിയ സംഘമാണ് ചാവക്കാട് പുന്ന അക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അക്രമണം നടത്താനായി സംഘത്തിന് പ്രാദേശിക പിന്തുണ ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ പിടികൂടാത്തതിനെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്നു പേരുടെയും നില തൃപ്തികരമാണ്. ഇവരിൽ നിന്ന് കൂടി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. അതേസമയം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നൗഷാദിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുന്ന ജുമാമസ്ജിദിൽ സംസ്കരിച്ചു.