wilson-hall-

അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്സിറ്റികളിൽ ഒന്നാണ് അപ്പലേച്ചിയൻ മലനിരകളുടെ താഴ്‌വരയിലുള്ള ഏഥൻസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഓഹിയോ യൂണിവേഴ്സിറ്റി. അമേരിക്കയിലെ വളരെ പ്രശസ്‌തമായ ഈ യൂണിവേഴ്സിറ്റി പ്രേതക്കഥകളുടെ കാര്യത്തിലും ഏറെ മുന്നിലാണ്.

കാമ്പസിന്റെ പല ഭാഗങ്ങളിലും അസ്വാഭാവിക സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കുട്ടികൾ പറഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമാണ് ഇവിടത്തെ വിൽസൺ ഹാളിലെ 428ാം നമ്പർ മുറി. നാളുകളായി ഈ മുറി അധികൃതർ സീൽ ചെയ്‌ത് പൂട്ടിയിട്ടിരിക്കുകയാണ്. കാരണമെന്തെന്നോ, പ്രേതശല്യം തന്നെ!

ഈ മുറിയിലെ വസ്‌തുക്കൾ പറന്നു നടക്കുന്നതും വാതിലുകൾ താനേ അടയുകയും തുറക്കുകയും ചെയ്യുന്നതും അജ്ഞാതരുടെ സംസാരവുമെല്ലാം കുട്ടികൾ കേട്ടിട്ടുണ്ടത്രെ. തടി കൊണ്ടുണ്ടാക്കിയ കതകിൽ ഭീകരമായ രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നത് കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് കതക് പല തവണ മാറ്റി സ്ഥാപിച്ചെങ്കിലും രൂപം വീണ്ടും പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്നാണ് പറയുന്നത്. ഈ റൂമിൽ താമസിച്ചവരെല്ലാം ഈക്കാര്യങ്ങൾ തന്നെയാണ് പറയുന്നത്.

ഈ മുറിയിൽ 1970ൽ ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പറയപ്പെടുന്നു. ഇതിനു ശേഷമാണ് മുറിയെ ചുറ്റിപ്പറ്റി കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. ഈ മുറിയിൽ താമസിച്ച ഒരു യുവതി ആസ്ട്രൽ പ്രൊജക്ഷൻ നടത്തുകയും തുടർന്ന് ഞരമ്പ് മുറിച്ച് ജീവനൊടുക്കുകയും ചെയ്‌തു. ഇതിനു ശേഷം മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം, സെമിത്തേരികൾ നിന്നയിടത്താണ് വിൽസൺ ഹാൾ സ്ഥിതി ചെയ്യുന്നതെന്ന് ചിലർ പറയുന്നു. ഏഥൻസ് മെന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെമിത്തേരികളിൽ ഒന്ന് മുമ്പ് ഇവിടെ സ്ഥിതി ചെയ്തിരുന്നുവെന്ന് 1980ൽ ഇവിടെ നടത്തിയ പരിശോധനകളിലൂടെ കണ്ടെത്തിയിരുന്നു.