തിരുവനന്തപുരം: രാഹുൽഗാന്ധി രാജിവച്ച ഒഴിവിൽ എ.ഐ.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പുതിയ ആളെ കണ്ടെത്താൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അതിനിടെ സംസ്ഥാനത്താകട്ടെ കെ.പി.സി.സി പുന:സംഘടന ഒരറ്റത്ത് എത്തിക്കാനാവാതെ നീളുകയാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ ഇല്ലാത്തതിനാൽ ഇതൊട്ട് പരിഹരിക്കാൻ പെട്ടെന്ന് സാധിക്കുന്നുമില്ല. കേരളത്തിൽ കെ.പി.സി.സി പുന:സംഘടന നീളുന്നത് ഗ്രൂപ്പ് വടംവലിക്കുപുറമേ ഗ്രൂപ്പുകൾക്കകത്തെ പോരും കാരണമാവുന്നു എന്നാണ് വിവരം.
പുന:സംഘടനയിൽ സ്ഥാനംമോഹിച്ചും നിലനിറുത്താനും പ്രബലരായ നേതാക്കൾപോലും സ്വന്തം ഗ്രൂപ്പിനോട് വിടചൊല്ലി മറ്റൊരു ഗ്രൂപ്പിൽ അഭയം തേടാനുള്ള ശ്രമം തുടങ്ങിയത്രേ. ജൂലായ് 31 മുമ്പ് കെ.പി.സി.സി പുന:സംഘടന പൂർത്തിയാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോഴാകട്ടെ അത് ഈ മാസം അവസാനത്തേക്ക് നീട്ടി. ഗ്രൂപ്പുകൾക്കുള്ളിലെ അനൈക്യമാണ് പുന:സംഘടന അനിശ്ചിതമായി നീളുന്നതിന് ഒരു കാരണമെന്ന് നേതാക്കൾതന്നെ സൂചിപ്പിക്കുന്നു. പുന:സംഘടനയിൽ തങ്ങളുടെ ഭാഗത്തുള്ള നേതാക്കളെ സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഗ്രൂപ്പ് നേതാക്കളും ശ്രമം നടത്തുന്നു. ഗ്രൂപ്പുനേതാക്കൾ ഇതുവരെ ഇക്കാര്യത്തിൽ സമവായത്തിൽ എത്തിയിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയിലും ഇക്കാര്യത്തിൽ ഇപ്പോഴും രണ്ടുതട്ടിലാണെന്നാണ് സൂചന.
നിലവിലെ കൂടുതൽ ഭാരവാഹികളെയും പുന:സംഘടനയിൽ നിലനിറുത്തണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. എന്നാൽ, ഒരാൾക്ക് ഒരു പദവി എന്നതാണ് ഉമ്മൻചാണ്ടി മുന്നോട്ടുവയ്ക്കുന്നത്. ഇനി ഒന്നേ മുക്കാൽ വർഷം മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പിനുള്ളൂ. അതിനാൽ എം.എൽ.എമാർക്ക് മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. പാർട്ടി നേതൃത്വത്തിനാവട്ടെ സംഘടനാ പ്രവർത്തനങ്ങൾക്കും ജനകീയ സമരങ്ങൾക്കുമായി കൂടുതൽ സമയം കണ്ടെത്തേണ്ടി വരും. അതുകൊണ്ട് എം.എൽ.എമാരെയും എം.പിമാരെയും ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ഭാരവാഹികളുമാക്കരുതെന്നാണ് ഉമ്മൻചാണ്ടിയുടെ വാദം.
എന്നാൽ, ഐ ഗ്രൂപ്പ് ഇതിനെ ശക്തമായി എതിർക്കുകയാണ്. ഇതിനൊപ്പം ഉമ്മൻചാണ്ടിയുടെ അഭിപ്രായത്തോട് എ ഗ്രൂപ്പിൽതന്നെ വിരുദ്ധാഭിപ്രായം ഉയരുന്നതായും സൂചനയുണ്ട്. ഇത് ഗ്രൂപ്പിലെ അനൈക്യത്തിനും ഇടയാക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ യു.ഡി.എഫ് കൺവീനറും എം.പിയുമായ ബെന്നി ബെഹനാൻ ഐ ഗ്രൂപ്പിനോട് അടുക്കുന്നതായി ചില പ്രചാരണം പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. ഇതിന് പകരമായി ഐ ക്യാമ്പിൽ നിന്ന് ചിലരെ എ ഗ്രൂപ്പും നോട്ടമിട്ടിട്ടുള്ളതായി അഭ്യൂഹം പരക്കുന്നുണ്ട്. എന്നാൽ, ഇരുഗ്രൂപ്പുകളുടേയും നേതൃത്വം ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. പുന:സംഘടനയിൽ വർക്കിംഗ് പ്രസിഡന്റുമാരെ ചൊല്ലിയും ഇരുക്യാമ്പുകളിലും അസ്വാരസ്യം ഉയരുന്നുണ്ട്.
എം.പിയായ കെ.സുധാകരൻ വർക്കിംഗ് പ്രസിഡന്റ് പദവിയിൽ തുടരണോ എന്നതിനെക്കുറിച്ചും ചില തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ടത്രേ. എ ഗ്രൂപ്പിൽ നിന്ന് തമ്പാനൂർ രവി, പാലോട് രവി, ശിവദാസൻ നായർ തുടങ്ങിയവരിൽ ആരെയെങ്കിലും വർക്കിംഗ് പ്രസിഡന്റ് ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഐ ഗ്രൂപ്പിൽ നിന്ന് എ.പി അനിൽകുമാർ, വി.ഡി.സതീശൻ, ജോസഫ് വാഴയ്ക്കൻ, വി.എസ് ശിവകുമാർ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. കെ.പി.സി.സി സെക്രട്ടറിമാരിൽ നല്ലൊരു വിഭാഗത്തെ ജനറൽ സെക്രട്ടറിമാരാക്കണം എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി എന്നും സൂചനയുണ്ട്. എന്നാൽ മുതിർന്നവർ ആ സ്ഥാനത്ത് തുടരട്ടെ എന്നാണ് ചെന്നിത്തലയുടെ അഭിപ്രായമത്രെ. പുന:സംഘടനയിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എ, ഐ ഗ്രൂപ്പുകൾ. എന്നാൽ, ഒരുപക്ഷേ, ഗ്രൂപ്പുകളിൽ കൂടുവിട്ട് കൂറുമാറലും പുന:സംഘടനയുടെ ഭാഗമായി നടന്നുകൂടായ്കയില്ലെന്നാണ് പാർട്ടിയിലെ സംസാരം.