രണ്ടുവർഷം മുൻപ് ബലാത്സംഗത്തിനിരയായ ഉന്നാവോയിലെ പെൺകുട്ടിയുടെ ദുർവിധി രാജ്യത്തെ ഇളക്കിമറിക്കാൻ തുടങ്ങുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ദയാപൂർവമായ ഇടപെടലുണ്ടായത്. അധികാരവും പണവും രാഷ്ട്രീയ ബലവുമുള്ള ആർക്കും എന്തു ഹീനകൃത്യവും ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതു കണ്ടാവാം എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് രോഷത്തോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കോടതിയിൽ വികാര വിക്ഷുബ്ധനായി ചോദിച്ചുപോയത്.
കോടതിയെ മാത്രമല്ല പൗരസമൂഹത്തെ പൊതുവായും പെൺമക്കളുള്ള മാതാപിതാക്കളെ പ്രത്യേകിച്ചും പേടിപ്പെടുത്തുന്നതും ഉത്കണ്ഠാകുലരാക്കുന്നതുമാണ് രാജ്യത്തിന്റെ പലഭാഗത്തും നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രൂരകൃത്യങ്ങൾ. ഉന്നാവോയിലെ പെൺകുട്ടി ബി.ജെ.പി എം.എൽ.എയുടെയും തുടർന്ന് അയാളുടെ കിങ്കരന്മാരുടെയും പീഡനങ്ങൾക്കിരയായിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും കേസ് ഇതുവരെ കോടതിയിലെത്തിയിട്ടില്ലെന്നതിൽ നിന്നുതന്നെ പ്രതികളുടെ പിടിപാടും പൊലീസിലുള്ള വമ്പിച്ച സ്വാധീനവും ബോദ്ധ്യമാകും. ജനരോഷം ഉയർന്നതിനെത്തുടർന്ന് എം.എൽ.എ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണെങ്കിലും അവിടെ ഇരുന്നുകൊണ്ട് കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ നടത്തുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഇക്കഴിഞ്ഞ 28-ന് റായ് ബറേലിയിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത വാഹനാപകടം അരങ്ങേറിയത്. ഉന്നാവോ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ കൂറ്റൻ ട്രക്ക് ഇടിച്ചുണ്ടായ അപകടം കേവലം യാദൃച്ഛികമായിരുന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ് ഉൾപ്പെടെ എല്ലാവരും. പെൺകുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റതിനു പുറമെ രണ്ട് അമ്മായിമാർ മരണമടയുകയും ചെയ്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന അഭിഭാഷകനും പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. മരണമടഞ്ഞ അമ്മായിമാരിലൊരാൾ പീഡനക്കേസിൽ മുഖ്യ സാക്ഷികൂടിയായിരുന്നു. പെൺകുട്ടിക്കൊപ്പം കുടുംബത്തെതന്നെ ഭൂമിയിൽ നിന്നും തുടച്ചുമാറ്റിയാൽ കേസും വിചാരണയുമൊന്നും വേണ്ടല്ലോ എന്നു കരുതിയാവാം നീചമനസുകൾ ഇത്തരത്തിലൊരു അപകടം സൃഷ്ടിക്കാൻ പദ്ധതി തയ്യാറാക്കിയതെന്നു വേണം കരുതാൻ. തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്നും സഹായിക്കണമെന്നും കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തുപോലും യഥാസമയം എത്തേണ്ട സ്ഥാനത്ത് എത്തിയില്ല. ജൂലായ് 12 ന് കോടതിലെത്തിയ കത്ത് പതിനെട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതും മാദ്ധ്യമങ്ങൾ ഇക്കാര്യം പരസ്യമാക്കിയപ്പോൾ.
ഏതായാലും രാജ്യത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ലക്നൗവിൽ നിന്ന് ഡൽഹിയിലേക്കു മാറ്റാനും 45 ദിവസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാനും ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി. പെൺകുട്ടിയെ ആശുപത്രിയിലാക്കിയ വിവാദ ട്രക്കപകടത്തെക്കുറിച്ചുള്ള അന്വേഷണം ഏഴു ദിവസംകൊണ്ടു പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനും കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളുടെ ഭാഗം കേൾക്കാൻ പോലും നിൽക്കാതെയാണ് സുപ്രീംകോടതി അസാധാരണ തീരുമാനങ്ങൾ പ്രഖ്യാപിച്ചതെന്ന പ്രത്യേകതയുമുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിക്ക് ഉടനടി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള കോടതി നിർദ്ദേശം വ്യാഴാഴ്ച തന്നെ യു.പി സർക്കാർ പാലിക്കുകയും ചെയ്തു. കേസിൽ പരമോന്നത കോടതിയുടെ ഇടപെടൽ ഉണ്ടായ സ്ഥിതിക്ക് ഇനി എല്ലാ കാര്യങ്ങളും നീതിപൂർവം തന്നെ നടക്കുമെന്നു പ്രതീക്ഷിക്കാം. ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്ന പെൺകുട്ടിയുടെ ആരോഗ്യനില മാത്രമാണ് ആശങ്ക ഉയർത്തുന്ന കാര്യം.
അംഗൻവാടിയിൽ തുച്ഛമായൊരു ജോലിക്കുവേണ്ടി എം.എൽ.എയുടെ വസതിയിലെത്തിയ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. കൂട്ടിക്കൊണ്ടുപോയ സ്ത്രീയുടെ മകനുൾപ്പെടെ നേതാവിന്റെ കിങ്കരന്മാർ പിന്നീട് തുടർച്ചയായി പത്തു ദിവസമാണ് തടങ്കലിലിട്ട് കുട്ടിയെ കൊല്ലാക്കൊല ചെയ്തത്. പരാതിപ്പെട്ടതിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവിനെ പൊലീസുകാർ തന്നെ വകവരുത്തി. അമ്മാവനെ കള്ളക്കേസിൽപ്പെടുത്തി. പാവപ്പെട്ടവർക്ക് നിയമവും നീതിയുമൊക്കെ കടലാസിൽ മാത്രമാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. രണ്ടു വർഷമായി എം.എൽ.എയുടെയും കൂട്ടാളികളുടെയും നിരന്തര ഭീഷണി നേരിട്ടുകൊണ്ടാണ് ആ കുടുംബം ജീവിക്കുന്നത്.
തട്ടിക്കൊണ്ടുപോകലും ബലാത്സംഗവുമുൾപ്പെടെ എല്ലാ നീചപ്രവൃത്തികളുടെയും വിളനിലമായ യു.പിപോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സമ്പത്തും കായികബലവും രാഷ്ട്രീയ സ്വാധീനവുമൊക്കെയാണ് മേധാവിത്വം നിർണയിക്കുന്നത്. പിഞ്ചുപെൺകുട്ടികൾക്കു പോലും സുരക്ഷിതത്വമില്ലാത്ത സാമൂഹ്യ വ്യവസ്ഥ പുലരുന്നവയാണ് ഗ്രാമങ്ങളിൽ പലതും. യു.പിയുടെ അയൽ സംസ്ഥാനമായ ജാർഖണ്ഡിൽ രണ്ടു ദിവസം മുൻപാണ് ഞെട്ടലുളവാക്കുന്ന മറ്റൊരു മഹാപാതകം നടന്നത്. റെയിൽവേ സ്റ്റേഷനിൽ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം തലയറുത്തു കൊലപ്പെടുത്തിയ സംഘത്തിൽ ഒന്നല്ല, മൂന്ന് മനുഷ്യ മൃഗങ്ങളാണുള്ളത്. മുഖ്യപ്രതി നേരത്തേയും പല ബാലികമാരെയും പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരവും ഇതോടൊപ്പമുണ്ട്. കൊടും ക്രിമിനലായിട്ടും ഇയാൾ ഇതേവരെ എന്തുകൊണ്ട് പുറത്തിറങ്ങാനാകാത്തവിധം ജയിലിലായില്ല എന്ന ചോദ്യവും പ്രസക്തമാണ്. പീഡനക്കേസുകളുടെ വിചാരണ നീണ്ടുപോകുന്നതും നിയമപാലകരുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചകളും എപ്പോഴും പ്രതികളെയാണ് സഹായിക്കുന്നത്.
പ്രായപൂർത്തിയാകാത്ത ബാലികമാരെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷവരെ നൽകാനുള്ള വ്യവസ്ഥയോടെ പോക്സോ നിയമ ഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകിയ ദിവസമാണ് ഉന്നാവോ കേസിൽ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലുണ്ടായതെന്നത് ശ്രദ്ധേയമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ പൊലീസും സമൂഹവും നീതിപീഠവുമൊക്കെ ജാഗ്രത പുലർത്തിയാലേ പീഡനക്കേസുകളിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനാവൂ.