4
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡി.ജി.പി ജേക്കബ് തോമസ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം: ബി.ജെ.പി മോശം പാർട്ടിയല്ലെന്നും ആർക്കെങ്കിലും എതിർനിലപാടുണ്ടെങ്കിൽ അത് ആശയവൈരുദ്ധ്യം കൊണ്ടാണെന്നും ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. രണ്ട് പ്രധാനമന്ത്രിമാരെ രാജ്യത്തിന് സമ്മാനിച്ച പാർട്ടിയാണത്. ഇന്ത്യൻ സംസ്‌കാരത്തിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആർ.എസ്.എസ് പോലൊരു സംഘടന കേരളത്തിലുണ്ടോ. രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയായ ആർ.എസ്.എസിലെ പ്രവർത്തകർ ലളിതജീവിതം നയിക്കുന്നു. താനും ടി.പി. സെൻകുമാറും മാത്രമല്ല, അടുത്ത ഡി.ജി.പിമാരും ആർ.എസ്.എസിലേക്ക് വരുമെന്നും പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ ജേക്കബ് തോമസ് പറഞ്ഞു.

ജയ് ശ്രീറാം വിളിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ന്യൂനപക്ഷങ്ങൾക്ക് ഭീതിയുണ്ടാകാൻ കാരണം. അടൂർ ഗോപാലകൃഷ്‌ണന് എതിർക്കാനെന്ന പോലെ, തനിക്ക് ശ്രീരാമ ഭക്തി പറയാനും അവകാശമുണ്ട്. താനും ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാളാണ്. ബി.ജെ.പിയിലേക്ക് സെൻകുമാർ കൈപിടിച്ച് നടത്തേണ്ട പ്രായമല്ല തനിക്ക്. സ്വയം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് ഏതെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നില്ല.

കേന്ദ്രസർക്കാരിനായി സാംസ്കാരിക - സാമ്പത്തിക ബന്ധത്തെക്കുറിച്ചും ബ്ലൂ ഇക്കണോമിയെക്കുറിച്ചും താൻ നയരൂപരേഖയുണ്ടാക്കി നൽകുന്നുണ്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയാവില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.