തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിവിഷൻ ബെഞ്ചിന്റെ വിധിപ്പകർപ്പ് കിട്ടിയ ശേഷം തുടർ നടപടിയെടുക്കും. ഷുഹൈബിന്റെ പിതാവുമായി സംസാരിച്ചു. അവരും സുപ്രീംകോടതിയിൽ പോകുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. പൊലീസിനെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല. ചാവക്കാട് നൗഷാദിനെ കൊലപ്പെടുത്തിയ കേസിലും ഒരാളെപ്പോലും പിടിച്ചില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. എസ്.ഡി.പി.ഐക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരവണം. പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസ് ബോംബെറിഞ്ഞ് തകർത്തതിനെ അപലപിക്കുന്നു. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ പൊലീസ് കൈയും കെട്ടി നോക്കിനിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.