shuhaib-case-ummenchandy
shuhaib case ummenchandy

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം സി.ബി.ഐക്കു വിടേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നീതിക്കായുള്ള പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറ‌ഞ്ഞു.

ഇടതുസർക്കാർ 56 ലക്ഷം രൂപ കൊടുത്ത് വാങ്ങിച്ചെടുത്ത വിധിയാണിത്. ഇതിനെതിരെ നിയമപോരാട്ടം നടത്താൻ ഷുഹൈബിന്റെ പിതാവിന് എല്ലാ പിന്തുണയും നല്കും. ഷുഹൈബിന്റെ കൊലയാളികളെ സി.പി.എം സംരക്ഷിക്കുന്നുവെന്നും ഇടതു സർക്കാരിന്റെ ഭരണത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ പിതാവ് മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സിംഗിൾ ബെഞ്ച് കേസ് സി.ബി.ഐക്ക് വിട്ടു. സംസ്ഥാന സർക്കാർ ഡൽഹിയിൽ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന് അപ്പീൽ നല്കിയാണ് സിംഗിൾ ബെഞ്ച് വിധി അസ്ഥിരപ്പെടുത്തിയത്. അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ എന്നിവർ ഉൾപ്പെടെ 120 സർക്കാർ അഭിഭാഷകർ ഉള്ളപ്പോഴാണ് ഡൽഹിയിൽനിന്ന് അഭിഭാഷകരെ കൊണ്ടുവന്നത്. ഇതുതന്നെ ഈ കേസിൽ സി.പി.എമ്മിനുള്ള പ്രത്യേക താത്പര്യം വ്യക്തമാക്കുന്നു. നീതിബോധവും പാവങ്ങളോട് കരുതലുമുള്ള സർക്കാരായിരുന്നെങ്കിൽ ഈ കേസ് സി.ബി.ഐക്ക് വിടാൻ മുൻകൈയെടുക്കുമായിരുന്നെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.