tatoo

വാഷിംഗ്ടൺ: ഒപ്പുകൾ ശേഖരിക്കുക ചിലരുടെ ഹോബിയാണ്. ലോകപ്രശസ്തരായവരുടെ ഒപ്പുകളായിരിക്കും ഇവർ കൂടുതലും ശേഖരിക്കുക. ഫ്ലോറിഡ സ്വദേശിയായ മുപ്പത്തൊന്നുകാരൻ ജോർജ് മറ്റാസിന്റെ ഹോബിയും ഒപ്പുശേഖരണം തന്നെ. പക്ഷേ, ഒാട്ടോഗ്രാഫിലും ഡയറിയിലുമൊന്നുമല്ല ഒപ്പുകൾ ശേഖരിക്കുന്നത്.

എല്ലാം തന്റെ പുറംഭാഗത്താണ് ശേഖരിക്കുന്നത്. ഒരിക്കലും ഇവ മാഞ്ഞുപോകാതിരിക്കാൻ ഒപ്പുകൾ ടാറ്റൂ ചെയ്തിരിക്കുകയാണ്. ഇപ്പോൾ 225പേരുടെ ഒപ്പുകളാണ് ശരീരത്തിലുള്ളത്. ഇൗ റെക്കാഡിനെ മറികടക്കാൻ അ‌ടുത്തെങ്ങും ആർക്കും കഴിയുമെന്ന് തോന്നുന്നില്ല.

അടുത്ത സുഹൃത്തായ ടാറ്റൂ ആർട്ടിസ്റ്റാണ് ഇൗ അസാധാരണ ഹോബിയിലേക്ക് ജോർജിനെ എത്തിച്ചത്. നേരിട്ട് കണ്ടിട്ടുള്ള വ്യക്തികളുടെ ഒപ്പുകളാണ് ശേഖരിക്കുന്നത്. ഒപ്പുകൾ കൊണ്ട് പുറം നിറഞ്ഞെങ്കിലും ഹോബിയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒപ്പിടാൻ മറ്റ് ശരീരഭാഗങ്ങളും ഉണ്ടല്ലോ എന്നാണ് ജോർജ് പറയുന്നത്.

ഒപ്പുകൾ ടാറ്റൂചെയ്യുക ഏറെ പ്രയാസം പിടിച്ചതാണെന്നാണ് ടാറ്റൂ ആർട്ടിസ്റ്റുകൾ പറയുന്നത്. കണ്ണിമപോലും ചിമ്മാതെ ഏറെ പണിയെടുക്കണം. അല്പം തെറ്റിപ്പോയാൽ ആകെ കുഴയും.

ടാറ്റൂചെയ്യുന്നതിന്റെ വേദന താൻ ശരിക്കും ആസ്വദിക്കുകയാണെന്നാണ് ജോർജ് പറയുന്നത്. 2017ൽ 190പേരുടെ ഒപ്പുകൾ ടാറ്റൂ ചെയ്തതോടെയാണ് റെക്കോഡ് ബുക്കിൽ കയറിപ്പറ്റിയത്. അതോടെയാണ് കൂടുതൽ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കണമെന്ന മോഹം തലയിലുദിച്ചത്.

പരിധിയിൽ കൂടുതൽ ടാറ്റൂചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ആതൊന്നും കാര്യമാക്കേണ്ടെന്നാണ് ജോർജിന്റെ തീരുമാനം. ജോർജിന്റെ ശരീരത്തിൽ ഒപ്പുകൾ ടാറ്റൂ ചെയ്തിരിക്കുന്നു