ബാലരാമപുരം:കരമന-കളിയിക്കാവിള ദേശീയപാതയുടെ പ്രാവച്ചമ്പലം - കൊടിനട രണ്ടാംഘട്ടങ്ങളുടെ ഭാഗമായി മുടവൂർപ്പാറ നസ്രത്ത് ഹോം സ്കൂളിന് സമീപം അലൈൻമെന്റിൽ അപാകതയെന്ന് ആരോപിച്ച് നാട്ടുകാരും പരുത്തിമഠം റസി.അസോസിയേഷനും പ്രതിഷേധവുമായി എത്തി. നസ്രത്ത് ഹോം സ്കൂളിന് സമീപം പരിസരവാസികളുടെ വീടുകളിൽ നിന്നും രണ്ടരമീറ്റർ ഉയർത്തിയാണ് പാതവികസനം പുരോഗമിക്കുന്നത്. അതിനാൽ സർക്കാരിൽ നിന്നും നഷ്ടപരിഹാരം വാങ്ങി പണിപൂർത്തീകരിച്ച വീടുകൾ കുഴിയിലേയ്ക്ക് അകപ്പെടും. ദേശീയപാത അതോറിറ്റി നേരത്തെ നിശ്ചയിച്ച അലൈൻമെന്റിൽ വീടുകളും ദേശീയപാതയും ഒരേ വീതിയിലാണ് വരുന്നത്. ഇത് മുന്നിൽ കണ്ടാണ് ഉദ്യോഗസ്ഥരിൽ നിന്നും നിർദ്ദേശം തേടി ഭൂവുടമകൾ വീടുകളുടെ പണിപൂർത്തീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ അഞ്ച് വർഷം മുമ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വസ്തുഉടമകളുമായി ചർച്ചയും നടന്നിരുന്നു.
ഇന്നലെ രാവിലെ 8.30 ഓടെയാണ് നാട്ടുകാരും പരുത്തിമഠം അസോസിയേഷൻ ഭാരവാഹികളും പ്രതിഷേധവുമായി എത്തിയത്. നാട്ടുകാരുടെ പരാതിയെതുടർന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എയും ദേശീയപാത ഉദ്യോഗസ്ഥരരും സംഭവസ്ഥലത്ത് എത്തി. അലൈൻമെന്റ് നാട്ടുകാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥരുടേയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സക്യൂട്ടീവ് എൻജിനീയർ, നേമം ബ്ലോക്ക് മെമ്പർമാരായ എസ്.വീരേന്ദ്രകുമാർ, എസ്.ജയചന്ദ്രൻ, സി.പി.എം നേമം ഏര്യാകമ്മിറ്റിയംഗം എസ്.രാധാകൃഷ്ണൻ, വാർഡ് മെമ്പർ എ.എം.സുധീർ, പരുത്തിമഠം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജനാർദ്ധനൻ നായർ, വൈസ് പ്രസിഡന്റുമാരായ എം.ആർ.അനിൽകുമാർ, സജ്ജാദ് സഹീർ, സെക്രട്ടറി രഘുവരൻ എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.
.
1.നിലവിൽ പണികൾ പുരോഗമിക്കുന്നത് അലൈൻമെന്റിൽ വ്യത്യാസം വരുത്തിയെന്ന് ആരോപിച്ചാണ് നാട്ടുകാരും പരുത്തിമഠം റസിഡൻസ് അസോസിയേഷനും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ വസ്തു ഏറ്റെടുത്ത അളവുകളിലോ അലൈൻമെന്റിലോ യാതൊരു വീഴ്ചയും വരുത്താതെയാണ് നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.
നിർമ്മാണത്തെ തുടർന്ന് കുഴിയിലകപ്പെട്ട വീടുകളെ സ്ഥിതിയെക്കുറിച്ച് എം.എൽ.എ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി. നാട്ടുകാരും റസിഡൻസ് അസോസിയേഷൻ പ്രതിനിധികളും വസ്തുഉടമകളെയും പങ്കെടുപ്പിച്ച് സമവായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശവും എം.എൽ.എ മുന്നോട്ടു വച്ചു.
ഏറ്റെടുക്കുന്ന സ്ഥലത്തിനോട് ചേർന്ന് തന്നെ ഭൂവുടമകൾക്ക് മതിൽ കെട്ടാനും കടകൾ സ്ഥാപിക്കാനും നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ മൂന്ന് മീറ്റർ മാറ്റി മാത്രമേ കടകളും മതിൽ സ്ഥാപിക്കാനും അനുവദിക്കുകയുള്ളൂവെന്ന പഞ്ചായത്ത് നിർദ്ദേശം നാട്ടുകാർക്ക് അതൃപ്തിയുണ്ടാക്കി..മുടവൂർപ്പാറ ഭാഗത്തും തറനിരപ്പിൽ നിന്നും രണ്ട് മീറ്ററോളം ഉയർത്തിയാണ് നിർമ്മാണം നടക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.