2
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡി.ജി.പി ജേക്കബ് തോമസ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ദ്രോഹിച്ചിട്ടില്ലെന്നും അന്നത്തെ ചീഫ്‌ സെക്രട്ടറിയാണ് വേട്ടയാടിയതെന്നും ഡി.ജി.പി ജേക്കബ്‌ തോമസ് പറഞ്ഞു. പ്രസ്‌ ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സസ്‌പെൻഡ് ചെയ്യാനുള്ള ഫയലിൽ ആദ്യം ഒപ്പിട്ടത് മുഖ്യമന്ത്രിയല്ല. സസ്‌പെൻഷൻ കാര്യത്തിൽ മുഖ്യമന്ത്രിക്ക് നെഗറ്റീവ് നിലപാടുണ്ടെന്ന് കരുതുന്നില്ല. ഓരോ സസ്‌പെൻഷനും കാരണം കാണിക്കൽ നോട്ടീസും ബുള്ളറ്റ് പോലെയാണ് നെഞ്ചിൽ തുളഞ്ഞുകയറിയത്. ഓഖി ചുഴലിക്കാറ്റിൽ മരിച്ചത് തന്റെ ബന്ധുക്കളല്ല. അവർക്കുവേണ്ടി സംസാരിച്ചതിനാണ് തന്നെ സസ്‌പെൻഡ് ചെയ്തത്.

2017 ഡിസംബർ 31ന് വിരമിച്ച ചീഫ്‌ സെക്രട്ടറി, പ്രസ്‌ ക്ലബിലെ തന്റെ പ്രസംഗത്തിന്റെ നാല് പത്രങ്ങളിലെ റിപ്പോർട്ടുകളുടെ കട്ടിംഗുകൾ പി.ആർ.ഡിയിൽ നിന്നെടുപ്പിച്ച് ഫയലിൽ രേഖപ്പെടുത്തി സസ്‌പെൻഡ് ചെയ്യാനുള്ള നടപടി പൂർത്തിയാക്കി. പ്രാഥമികാന്വേഷണം നടത്താതെയും ഫോണിൽ കൂടി പോലും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു സസ്‌പെൻഡ് ചെയ്തത്. വിജിലൻസിൽ നിന്നുമാറ്റി ഐ.എം.ജിയിൽ നിയമിച്ചിട്ടും മുഖ്യമന്ത്രിയോട് നീരസമുണ്ടായിരുന്നില്ല. അഴിമതിക്കെതിരായിരുന്നു തന്റെ പോരാട്ടം. നിലപാടുകളിൽ ഉറച്ച് പോരാട്ടം തുടരും.

ഇപ്പോൾ അഴിമതിയുണ്ടോയെന്ന ചോദ്യത്തിന് സംസ്ഥാനത്തെ 10 വ്യവസായികളോടു ചോദിച്ചാൽ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാകുമെന്നായിരുന്നു മറുപടി. മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസടക്കം താൻ വിജിലൻസ് ഡയറക്ടറായിരിക്കെയെടുത്ത കേസുകൾ സി.ബി.ഐ അന്വേഷണത്തിനു വിടാൻ സർക്കാരിനു ധൈര്യമുണ്ടോ. പരാതി തന്നവരെപ്പോലും പിന്നീട് കണ്ടില്ല.

 ഇപ്പോൾ തത്ത കൂട്ടിലുണ്ടോ ?​

താൻ വിജിലൻസ് ഡയറക്ടറായിരിക്കേ കൂട്ടിലടച്ച തത്ത, വിജിലൻസ് രാജ് എന്നൊക്കെയാണ് പറഞ്ഞത്. ഇപ്പോൾ തത്ത പോയിട്ടു കൂടെങ്കിലുമുണ്ടോ. എൽ.ഡി.എഫ് അധികാരത്തിലെത്തിപ്പോൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അഴിമതി വിരുദ്ധ നയം കൊണ്ടുവന്നു. സീറോ ടോളറൻസ് ടു കറപ്ഷൻ നയം രൂപീകരിച്ചു. അന്ന് എ.ഡി.ജിപിയായിരുന്ന ശങ്കർറെഡ്ഡിയെ രണ്ടാം കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടറാക്കിയത് ചട്ടവിരുദ്ധമായിട്ടായിരുന്നു. അന്നത്തെ സീനിയർ പൊലീസ് മേധാവിയായ സെൻകുമാറിനെ മാറ്റി ബെഹ്റയെ നിയമിച്ചതും ചട്ടലംഘനമായിരുന്നു.


ഇനി കാക്കി അണിയുമോ ?​
ഏപ്രിൽ ഒന്ന് മുതൽ സ്വയംവിരമിക്കാൻ അനുവദിക്കണമെന്ന അപേക്ഷ സർക്കാർ അംഗീകരിച്ചില്ല. കേന്ദ്രത്തിന് അപ്പീൽ നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. മെന്ററിംഗ്, പുസ്തകമെഴുത്ത്, അദ്ധ്യാപനം, സന്നദ്ധപ്രവർത്തനം എന്നിവയ്‌ക്കാണ് താത്പര്യം. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയാൽ നിയമപോരാട്ടം തുടരുമോയെന്ന് അപ്പോൾ തീരുമാനിക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു.