വിഴിഞ്ഞം: വിഴിഞ്ഞം പുതിയ വാർഫിനു സമീപം മുങ്ങിയ ടഗ്ഗ് ഉയർത്തുന്നതു സംബന്ധിച്ച തീരുമാനം മന്ത്രിതല ചർച്ചയിലേക്ക്. തീരസംരക്ഷണസേനയുടെ പുതിയ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് അധികൃതർ ഈ വിഷയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഉന്നതതല യോഗം ഉടൻ വിളിച്ചേക്കും. പൈലിംഗ് നടത്താനുള്ള ബാർജ് തയ്യാറായി കഴിഞ്ഞു. അനുബന്ധ ഉപകരണങ്ങളും എത്തി. മുങ്ങിയ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് ഉയർത്താനുള്ള ഖലാസികളുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. നാലു മാസം മുമ്പ് ടഗ്ഗ് ഉയർത്തുന്നതിനായി കരാർ നൽകിയതിനെ തുടർന്ന് ഇവർ എത്തി വിഞ്ച് ഘടിപ്പിച്ച് ട്രയൽ നടത്തിയെങ്കിലും വടം പൊട്ടിയതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കരാറുകാരന് വേണ്ട സഹായം ലഭ്യമാക്കുമെന്ന് തുറമുഖ വകുപ്പ് പറഞ്ഞിരുന്നെങ്കിലും അവസാനം കാലുമാറിയെന്ന് കരാറുകാർ പറയുന്നു. ഇതോടെ കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായി. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ ബെർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമാണം തുടങ്ങാനായില്ല. രണ്ടു വർഷം മുൻപ് ഏഴ് കോടി രൂപ ചെലവിൽ ബെർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു.
ടഗ്ഗിന്റെ വരവും മുങ്ങലും
--------------------------------------
2015ൽ തൂത്തുക്കുടിയിൽ കല്ല് കയറ്റി മാലിയിൽ എത്തിച്ച ശേഷം മടങ്ങവെ പാറയിൽ തട്ടി ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്നാണ് ടഗ്ഗ് വിഴിഞ്ഞത്തെ പുതിയ വാർഫിൽ അടുപ്പിച്ചത്
എന്നാൽ വാർഫിൽ തുടർന്നിരുന്ന മുംബയ് ടഗ്ഗ് ബ്രഹ്മേക്ഷര 2018 നവംബർ 28ന് പുലർച്ചെ മുങ്ങി. ഇതിൽ സൂക്ഷിച്ചിരുന്ന ഡീസൽ കടലിൽ പരന്നു. sഗ്ഗിന്റെ അടിഭാഗം പൊട്ടിയാണ് ഇന്ധനം ചോർന്നത്.
തുറമുഖ വകുപ്പിന്റെയും തീരസംരക്ഷണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ടഗ്ഗിലെ ചോർച്ച അടച്ചു. ടഗ്ഗിൽ നിന്ന് എത്ര ലിറ്റർ ഡീസൽ ചോർന്നെന്ന് ഇതുവരെയും കണ്ടെത്താനായില്ല. അവശേഷിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതിനും ഉയർത്തുന്നതിനും പോർട്ട് ട്രസ്റ്റ് അധികൃതരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടു.
നാലു തവണ ഇ- ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായവർ എത്തിയില്ല. ബാങ്കിൽ നിന്നു 10 കോടിയിലധികം രൂപ വായ്‌പാ ബാദ്ധ്യതയും, ശമ്പളം നൽകാത്തതിനെ തുടർന്ന് ജീവനക്കാർ നൽകിയ കേസും ടഗ്ഗിനെതിരെയുണ്ട്.
കടൽക്ഷോഭത്തിൽ ടഗ്ഗ് ബന്ധിച്ചിരുന്ന വാർഫിൽ ഇടിച്ച് കേടുപാടുകളുണ്ടായി. ഈ ഇനത്തിലും വാർഫ് വാടക ഇനത്തിലും തുറമുഖ വകുപ്പിന് നല്ലൊരു തുക ലഭിക്കാനുമുണ്ട്.
40 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ബെർത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയാകേണ്ട സമയം കഴിഞ്ഞു.
ബെർത്ത് നിർമ്മിക്കാൻ അനുവദിച്ചത് 7 കോടി
ബെർത്തിന്റെ നീളം 40 മീറ്റർ
ടഗ്ഗിൽ ഉണ്ടായിരുന്നത് 4000 ലിറ്റർ ഡീസൽ
ടഗ്ഗ് ഉയർത്താൻ കരാർ നൽകിയത് 13 ലക്ഷം
sഗ്ഗ് മുങ്ങിക്കിടക്കുന്ന സ്ഥലം ഒഴികെയുള്ള ഭാഗത്ത് അടുത്ത ആഴ്ച മുതൽ ബെർത്ത് നിർമ്മാണം ആരംഭിക്കും -അധികൃതർ