ഉഴമലയ്ക്കൽ: രാജ്യത്ത് രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ നീതി നടപ്പിലായാലേ ഗുരുവിന്റെ സാങ്കല്പിക ലോകം യാഥാർത്ഥ്യമാകൂ എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉഴമലയ്ക്കൽ ശാഖയിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാഖ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇതേവരെ സാമൂഹ്യ നീതി നടപ്പായിട്ടില്ല. ആദർശ രാഷ്ട്രീയം അസ്തമിച്ച് അവസര രാഷ്ട്രീയത്തിന്റെ കാലമാണിപ്പോൾ. ന്യൂനപക്ഷ - സവർണവിഭാഗങ്ങൾ വോട്ടുബാങ്കായി സംഘടിച്ച് ആനുകൂല്യങ്ങൾ നേടിയെടുക്കുകയാണ്. ആദ്യസർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം പിന്നാക്കക്കാർക്ക് വേണ്ട ഗുണഫലം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകാരിയായ കുമാരനാശാന്റെ കസേരയിൽ ഇരിക്കാനുള്ള യോഗ്യതയില്ലാത്ത താൻ ആ കസേരയുടെ കാവൽക്കാരനാണെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
ശാഖാ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം, സ്കൂൾ ചുറ്റുമതിൽ സമർപ്പണം, ഗുരുദേവ റോഡ് ഉദ്ഘാടനം, സ്കൂൾ മന്ദിര ഉദ്ഘാടനം, നവീകരിച്ച 50 ക്ലാസ് മുറികളുടെ സമർപ്പണം എന്നിവ യോഗം ജനറൽ സെക്രട്ടറി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. റഹിം, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, സ്കൂൾ മാനേജരും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, എൻ. ഷൗക്കത്തലി, നെടുമങ്ങാട് യൂണിയൻ ചെയർമാൻ ഡി. പ്രേംരാജ്, കൺവീനർ മോഹൻ ദാസ്, ഡയറക്ടർബോർഡംഗം പ്രദീപ്, ബി. മുകുന്ദൻ, എൻ. ബാബു, ജി. ജനാർദ്ദനൻ, അരുൺ സി. ബാബു, കെ. ജയകുമാർ, ഷൈജാ മുരുകേശൻ, എസ്.വി. രതീഷ്, ബി. സുരേന്ദ്രനാഥ്, വി.എസ്. ശ്രീജ, കെ. പ്രവീൺ, ചക്രപാണിപുരം സുബേഷ്, വി. വസന്തകുമാരി, എസ്. കിരൺ, ശാഖാ സെക്രട്ടറി സി. വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു.