തിരുവനന്തപുരം: നിയമന ഉത്തരവ് നേരിട്ട് ഉദ്യോഗാർത്ഥിക്ക് നൽകുന്ന പി.എസ്.സിയുടെ പരിപാടിക്ക് 5ന് തുടക്കമാകും. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്താണ് ചടങ്ങ്. ജൂലായ് 25ന് ശേഷം തയാറായ നിയമന ഉത്തരവുകളാണ് നേരിട്ട് നൽകുക. ഉത്തരവ് നേരിട്ട് കൈപ്പറ്റേണ്ട ഉദ്യോഗാർത്ഥികളെ ഇക്കാര്യം എസ്.എം.എസിലൂടെയും ഫോണിലൂടെയും അറിയിച്ചിട്ടുണ്ട്. ജില്ലാ, മേഖലാ ആഫീസുകളിലും അതിന് ശേഷം നിയമനഉത്തരവുകൾ നേരിട്ട് നൽകിത്തുടങ്ങും.
നേരത്തെ തപാലിലാണ് നിയമന ഉത്തരവുകൾ അയച്ചിരുന്നത്. ഇത് സമയത്ത് കിട്ടുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെയാണ് നേരിട്ട് കൈമാറാൻ തീരുമാനിച്ചത്.
ജില്ലാതല തിരഞ്ഞെടുപ്പുകളിൽ ഉദ്യോഗാർത്ഥി അപേക്ഷ സമർപ്പിച്ച അതത് ജില്ലാ ആഫീസുകളിൽ നിന്നായിരിക്കും നിയമനശുപാർശ നൽകുക. നിയമനശുപാർശ നൽകുന്നതിന് മുമ്പ് അത് കൈപ്പറ്റുന്ന ഉദ്യോഗാർത്ഥിയുടെ ഐഡന്റിറ്റി പരിശോധിച്ച്, അവരുടെ വിവരങ്ങളും ഒപ്പും രജിസ്റ്ററിൽ രേഖപ്പെടുത്തും. നിർദ്ദിഷ്ട ദിവസം ഹാജരാകാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് തുടർന്നുളള ദിവസങ്ങളിൽ കൈപ്പറ്റാം.
കൈപ്പറ്റാത്ത നിയമന ശുപാർശകളുടെ അടിസ്ഥാനത്തിൽ എൻ.ജെ.ഡി. ഒഴിവുകൾ അറിയിക്കുന്നത് വേഗത്തിലാക്കുന്നതിനുളള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനും അതിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് റാങ്കുപട്ടിക റദ്ദാകുന്നതിനുമുമ്പ് നിയമനശുപാർശ നൽകുന്നതിനും കഴിയും എന്ന വസ്തുത കൂടി കണക്കിലെടുത്താണ് കമ്മിഷൻ ഇത്തരത്തിലൊരു നടപടിക്രമത്തിലേക്ക് കടക്കുന്നത്.