ഭക്തിയും വിശ്വാസവും എന്നത് പുഴയും അതിലെ ഒഴുക്കും പോലെയാണ്. പുഴയുണ്ടെങ്കിലേ ഒഴുക്കുള്ളൂ. ഒഴുക്കുണ്ടെങ്കിലേ പുഴയുമുള്ളൂ. ഇപ്രകാരമാണ് ഭക്തിയുടെയും വിശ്വാസത്തിന്റെയും കാര്യവും. ഭക്തിയുണ്ടെങ്കിലേ വിശ്വാസമുള്ളൂ. വിശ്വാസമുണ്ടെങ്കിലേ ഭക്തിയുമുള്ളൂ. ഒന്നില്ലാതായാൽ മറ്റേതുമില്ല. അതിനു കാരണം ഒന്ന് മറ്റൊന്നിനു പൂരകമായിത്തീരുന്നു എന്നതാണ്. അഥവാ രണ്ടും ചേരുമ്പോഴാണു അതിനു ഒന്നെന്ന അസ്തിത്വം കൈവരുന്നത്.
ഭക്തന്മാരിൽ അധികവും ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥന നടത്തുന്നവരാണ്. ഇവരിൽത്തന്നെ കൂടുതൽപ്പേരും ഒന്നിലധികം ആരാധനാലയങ്ങളിൽ പോയി ഭഗവദ് ദർശനം നടത്തുന്നവരുമാണ്. എത്ര ആരാധനാലയങ്ങളിൽ പോയി ഭഗവദ് ദർശനം നടത്തിയാലും സംയമനവും സംതൃപ്തിയും കിട്ടാത്തവരും അനേകമുണ്ട്. കൂടുതൽ ക്ഷേത്രങ്ങളിൽ ഭഗവദ് ദർശനം നടത്തുന്ന ഭക്തന് കൂടുതൽ പുണ്യവും കുറച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നയാൾക്ക് കുറച്ച് പുണ്യവും ആണ് ലഭിക്കുന്നതെന്ന ധാരണയുള്ളവരുമുണ്ട്. ഇതെല്ലാം ഒരുവന്റെ വസ്തുബോധത്തെ അതല്ലെങ്കിൽ വിഷയബോധത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു ക്ഷേത്രത്തിൽ നിന്നും കിട്ടാത്ത സംതൃപ്തി മറ്റൊരു ക്ഷേത്രദർശനത്തിൽ നിന്നും കിട്ടുന്നുണ്ടെന്ന് ഒരാൾക്ക് അനുഭവപ്പെട്ടാൽ അതിനാധാരം ഇപ്പറഞ്ഞ വസ്തുബോധമാണ്.
ഒരുവൻ പരീക്ഷയിൽ ജയിക്കണമെന്നും ഉയർന്ന മാർക്കും നല്ല ജോലിയും കിട്ടണമെന്നും മെച്ചപ്പെട്ട ശമ്പളം ലഭിക്കണമെന്നും പാർപ്പിടവും മറ്റ് സുഖസൗകര്യങ്ങളും ഉണ്ടാവണമെന്നും ഒക്കെയുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും അപേക്ഷകളും ഉണർത്തിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതായാൽ ആ ഭക്തന്റെ ഭക്തി സോപാധികമായ ഭക്തിയാണെന്നു പറയാം. അതായത് അവന്റെ ഭക്തിയും പ്രാർത്ഥനയും വസ്തുബോധവുമായി സംബന്ധപ്പെട്ടതാണ്. അത്തരമൊരാളിന്റെ ക്ഷേത്രസന്ദർശനവും ഭഗവദ് ദർശനവും കാര്യസിദ്ധി ആഗ്രഹിച്ചുകൊണ്ടുള്ളതാണ്. വിളിച്ചാൽ വിളി കേൾക്കാത്ത ദൈവമെന്നും വിളിച്ചാൽ വിളികേൾക്കുന്ന ദൈവമെന്നും ഒക്കെയുള്ള ഭഗവദ് നിർവചനങ്ങൾ ഇവരുടെ വകയായി രൂപം കൊള്ളുന്നവയാണ്. സോപാധികതയിൽ നിന്നുണ്ടാകുന്ന ഭക്തിഭാവമാണിത്. ഈ ഭക്തിക്ക് ഒരിക്കലും ഭക്തനെ നിത്യമായി തൃപ്തിപ്പെടുത്താനാവില്ല.
എത്ര ക്ഷേത്രത്തിലെത്തി ദർശനം നടത്തിയാലും എത്ര ദിവസം ഭജനമിരുന്നാലും എത്രത്തോളം വഴിപാടുകൾ നടത്തിയാലും എത്രത്തോളം മന്ത്രങ്ങളുരുവിട്ടാലും ഭക്തി സോപാധികമായിരിക്കുന്നിടത്തോളം കാലം ഭക്തന് സംയമനമുണ്ടാവുകയില്ലെന്നത് നിശ്ചയമാണ്. എന്തെന്നാൽ, ഭക്തി എന്തെന്നും ഭക്തി എന്തിനെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ഭക്തന് സംയമനമുണ്ടാകുന്നത്. സംയമനമാണ് ഭക്തി കൊണ്ടുണ്ടാകേണ്ട പ്രയോജനം. സംയമനമെന്നാൽ വിടുതൽ അല്ലെങ്കിൽ അടക്കൽ എന്നാണർത്ഥം.
നമ്മെ എന്തെല്ലാമാണോ ബന്ധത്തിൽപ്പെടുത്തുന്നത് അതിൽ നിന്നെല്ലാമുള്ള മോചനമാണ് ഭക്തി സാദ്ധ്യമാക്കുന്നത്. അതാണ് ഭക്തികൊണ്ടുള്ള പുണ്യം. ആ ഭക്തി നിരുപാധികമാണ്. എന്നുപറഞ്ഞാൽ യാതൊന്നിന്റെയും കാര്യസിദ്ധിക്കായിട്ടുള്ളതല്ല ആ ഭക്തി. എപ്പോഴാണോ ഭക്തനു ഉപാധിരഹിതമായ അല്ലെങ്കിൽ നിരുപാധികമായ ഭക്തിയുണ്ടാവുന്നത് അപ്പോഴാണ് അയാൾക്ക് സംയമനമുണ്ടാകുന്നത്. അങ്ങനെയൊരു സംയമനം സാദ്ധ്യമാകണമെങ്കിൽ ഭക്തൻ ഭഗവാനിൽ പൂർണസമർപ്പണം നടത്തണം. ഈ പൂർണ സമർപ്പണത്തിനായിട്ടാണു ഭക്തൻ ഭഗവദ് ദർശനം നടത്തേണ്ടതെന്നു സാരം. അനേകം ആരാധനാലയങ്ങളിലേക്ക് ഓടി നടക്കുന്നതിനേക്കാൾ ഒരു ആരാധനാലയത്തിലെത്തി ഭഗവദ് ദർശനത്തിൽ പൂർണമായും ലയിച്ചു ചേരാനായാൽ അതുകൊണ്ടുതന്നെ സംയമനത്തിനുള്ള വഴി തുറന്നുകിട്ടും. അതിനുള്ള ഏറ്റവും ഉത്തമമായ സാധനയാണ് പ്രാർത്ഥന. വിശ്വാസം കൊണ്ടാണ് ഭക്തിയെയും പ്രാർത്ഥനയെയും ഭക്തൻ ഒന്നിപ്പിക്കേണ്ടത്. തങ്ങളെ സംസാര സാഗരത്തിലകപ്പെടുത്തുന്നത് എന്തെല്ലാമോ അവയെല്ലാം പൊറുക്കണമെന്നതാണു ഭഗവദ് ദർശനത്തിൽ ഭക്തന്റെ അർത്ഥന. എന്നാൽ അത് മറന്നിട്ടാണു ആരാധനാലയങ്ങൾ തോറും ശാന്തിക്കും സമാധാനത്തിനുമായി ധാരാളം ധനവും സമയവും ചെലവഴിച്ച് ഭക്തർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ പുറമേക്ക് തെറ്റൊന്നുമില്ലെങ്കിലും ഭക്തിയുടെ പൊരുളറിയാതെയുള്ള ഈ യാത്ര വ്യർത്ഥമാണെന്നു പറയാതെ വയ്യ.
ഗുരുദേവതൃപ്പാദങ്ങൾ സുബ്രഹ്മണ്യകീർത്തനത്തിൽ പറയുന്നതു നോക്കുക.
മൗനപ്പൂന്തേനൊഴുക്കേ!
മതിയമൃതൊലിയേ,
മന്ദനാമെൻ മനക്കൺ-
ജ്ഞാനക്കണ്ണാടിയേ!
നിൻതിരുവടിയടിയൻ-
തീ പൊറുത്തീടവേണം
നിരുപാധികദശയിൽ ആനന്ദസ്വരൂപമായി അനുഭവപ്പെടുന്നവനേ, ബുദ്ധിക്ക് അമൃതായ പുണ്യസ്വരൂപനെ, ബുദ്ധിയുറയ്ക്കാത്ത ഈ ഭക്തന്റെ മനക്കണ്ണിനു ജ്ഞാനം പകർന്നവനേ, ദിവ്യനായ അവിടുന്ന് ഈ അടിയന്റെ സംസാരദുഃഖം ശമിപ്പിക്കാൻ അനുഗ്രഹിക്കേണം. ഭക്തിയുടെയും പ്രാർത്ഥനയുടെയും ഈ ഒഴുക്കിൽ നിന്നാണ് ഭക്തന് ആനന്ദചിത്തനായി രൂപപ്പെടാനാവുക എന്ന തിരിച്ചറിവിൽ ഏവർക്കും ഭഗവദ് ദർശനം നടത്താനാവട്ടെ.