തിരുവനന്തപുരം : സുകുമാർ അഴീക്കോടില്ലാത്ത സാംസ്കാരിക കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പുരോഗമന സാംസ്കാരിക വേദിയുടെ 7-ാമത് ഡോ.സുകുമാർ അഴീക്കോട് സ്മാരക അവാർഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷനായിരിക്കേയാണ് അഴീക്കോട് അസുഖബാധിതനായ വിവരം അറിഞ്ഞത്. അന്ന് പുലർച്ചെ തന്നെ അദ്ദേഹത്തിന്റെ അരികിലെത്തി. അദ്ദേഹത്തെ വിട്ടുപോരാൻ തോന്നിയതേയില്ല. അഴീക്കോടിന് പകരമായി ഒന്നും നൽകാനില്ലെന്നും അദ്ദേഹം എന്നും നമ്മോടൊപ്പം ഉണ്ടാകണമെന്നും ഡോക്ടർമാരോട് താൻ പറഞ്ഞിരുന്നു. പക്ഷെ അഴീക്കോട് നമ്മളെ വിട്ടുപോയി. ധൈഷണിക കേരളത്തിന്റെ പ്രകാശഗോപുരമാണ് അഴീക്കോട് മാഷെന്നും അദ്ദേഹം പറഞ്ഞു.
ആദരിക്കേണ്ടവരെ അനാദരിക്കുകയും ബഹുമാനിക്കേണ്ടവരെ അപമാനിക്കുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെപ്പോലും വെറുതെ വിടുന്നില്ലെന്നത് ഭീതിജനകമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അക്ഷരങ്ങളും വരികളും വിചാരത്തിന്റെ കേന്ദ്രങ്ങളാക്കുന്ന സാഹിത്യകാരനാണ് പെരുമ്പടവം ശ്രീധരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദി പ്രസിഡന്റ് ശാസ്താംതല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു അഴീക്കോട് സ്‌മാരക പ്രഭാഷണം നടത്തി. ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ തടങ്കൽപ്പാളയത്തിൽപ്പെട്ടുപോകാത്ത സാംസ്‌കാരിക പ്രവർത്തകനായിരുന്നു അഴീക്കോട് മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു. ഡോ. കെ. സുധാകരൻ, അഡ്വ. കെ.എസ്. ഗോപിനാഥൻ നായർ, സി. ഭുവനേന്ദ്രൻ നായർ എന്നിവരെ ആദരിച്ചു. വേദി ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ,ശിവദാസൻ കുളത്തൂർ, ജയശ്രീ ഗോപാലകൃഷ്ണൻ, എ.ബദറുദ്ദീൻ, ശശികല വി.നായർ, സെന്തിവേൽ , അംബിക അമ്മ , ജി.ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. നിരാലംബ രോഗികൾക്ക് സഹായവിതരണവും നടന്നു.