നെടുമങ്ങാട് : എക്സൈസ് ഉദ്യോഗസ്ഥർ വീട് അന്വേഷിച്ചുവന്നതിൽ പ്രകോപിതനായ കഞ്ചാവ് കച്ചവടക്കാരന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം സിവിൽ എക്സൈസ് ഓഫീസറുടെ വീടുകയറി ആക്രമണം. ആര്യനാട് റേഞ്ചിലെ ഉദ്യോഗസ്ഥൻ കെ.എസ്. ഷിൻ രാജിന്റെ വലിയമല നല്ലിക്കുഴി കുറുങ്ങണംകോട്ടെ കുടുംബവീട്ടിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം.
ഷിൻരാജിന്റെ അമ്മയുടെയും സഹോദരിയുടെ 12 വയസുള്ള മകന്റെയും കഴുത്തിൽ വടിവാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ചോദ്യംചെയ്ത അയൽവാസി ബിനുവിന്റെ ഇടതുചെവി ആക്രമണത്തിൽ അറ്റുപോയി. ബിനുവിന്റെ ഭാര്യ പ്രമീളകുമാരിക്കും വെട്ടേറ്റു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഷിൻരാജിന്റെ അമ്മ സുഭാഷിണിഅമ്മ, സഹോദരിയുടെ മകൾ അഖില, മകൻ അഖിൽ എന്നിവർക്കും പരിക്കേറ്റു. അലമാര, ടെലിവിഷൻ മുതലായ വീട്ടുപകരണങ്ങളും ജനലുകളും അക്രമികൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഷിൻരാജിന്റെ വീടിനു സമീപം താമസിക്കുന്ന നിരപ്പിൽ വീട്ടിൽ മധു എന്ന് വിളിക്കുന്ന എസ്. സനൽകുമാർ (44), പുതുക്കുളങ്ങര കന്യാരുപാറ താര ഭവനിൽ സായിപ്പ് എന്ന് വിളിക്കുന്ന എസ്. അനീഷ് (30), മുളയറ ഉണ്ടപ്പാറയിൽ സുജിത് എന്ന് വിളിക്കുന്ന ടി. വിഷ്ണുപ്രഭ (31) എന്നിവരെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽപ്പെട്ട ഒരാൾ കൂടി പിടിയിലാവാനുണ്ട്. നാട്ടുകാർ തടിച്ചു കൂടിയതോടെ അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. ഇവർ വീടിനു മുന്നിൽ വലിച്ചെറിഞ്ഞ വടിവാൾ പൊലീസ് കണ്ടെത്തി. അക്രമികളെ പിന്തുടർന്ന് പിടികൂടുന്നതിനിടെ പൊലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. സംഭവസമയം, ഷിൻ രാജ് കുടുംബവീട്ടിൽ ഉണ്ടായിരുന്നില്ല. ആര്യനാട് ശ്യാമിന്റെ സംഘത്തിൽപ്പെട്ട പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് വലിയമല പൊലീസ് പറഞ്ഞു. കൊലപാതകശ്രമം, ഭവനഭേദനം, സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സനലിന്റെ ലഹരിമരുന്ന് വില്പനയെക്കുറിച്ച് എക്സൈസിൽ പരാതി നല്കിയത് ഷിൻ രാജാണെന്ന ധാരണയിലായിരുന്നു ആക്രമണം. സംഭവദിവസം രാവിലെ നെടുമങ്ങാട് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ സനൽകുമാറിന്റെ വീട്ടിൽ ഇയാളെ അന്വേഷിച്ച് വന്നിരുന്നു.