secratariate
secratariate

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയൽ തീ‌ർപ്പാക്കൽ യജ്ഞത്തിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ തരംതിരിക്കൽ എല്ലാ വകുപ്പുകളിലും 95 ശതമാനവും പൂർത്തിയായി. തരംതിരിച്ച ശേഷം മിസലേനിയസ് വിഭാഗത്തിലേക്ക് കൈമാറിയ ഫയലുകളിൽ തീർപ്പാക്കൽ ശുപാർശകൾ ഇന്നുമുതൽ അയച്ചുതുടങ്ങും. ഫയലുകൾ തരംതിരിക്കുന്നതിനായി ജൂലായ് 30 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. രണ്ട് ദിവസം കൂടി നൽകുകയായിരുന്നു.

തരംതിരിവ് പൂർത്തിയാക്കിയതിനൊപ്പം കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട ഫയലുകളുടെ ഉപപട്ടികയും തയ്യാറാക്കി. ഒരു വർഷത്തിൽ താഴെ പെൻഡിംഗായവ,​ ഒന്നു മുതൽ രണ്ട് വർഷം വരെ പെൻഡിംഗായവ,​ ​ 2 -3 വർഷം വരെ,​ 3- 4 വർഷം വരെ, 4-5 വർഷം വരെ,​ 5- 10 വർഷം വരെ,​ 10 വർഷത്തിന് മുകളിൽ പെൻഡിംഗായ ഫയലുകളുടെ സീരിയൽ നമ്പരുൾപ്പെടുത്തിയുള്ളതാണ് പട്ടിക. സർക്കാരുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ,​ ആഡിറ്റ് റിപ്പോർട്ട്,​ അച്ചടക്ക നടപടി,​ പെറ്റിഷൻ ആക്ട് അനുസരിച്ചുള്ള ചട്ട രൂപീകരണം,​ ഭരണാനുമതി,​ നിയമസഭാ അസംബ്ളി ചോദ്യോത്തരങ്ങൾ,​ നിയമസഭാ കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ,​ മറ്റുള്ള കേസുകൾ എന്നിവയാണ് ഈ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായുള്ള കത്തിടപാടുകളും കോടതിക്കേസുകളും ഒഴികെ 80 ശതമാനം വകുപ്പുകളിലും മലയാളത്തിലാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതേസമയം,​ ഓരോ വകുപ്പിലെയും സെക്‌ഷനുകളിലെ ഫയലുകൾ ഏകോപിപ്പിക്കാൻ ഒരാളില്ലാത്തതും വെല്ലുവിളിയാണ്. നിലവിൽ മൂന്നോ നാലോ സെക്‌ഷനുകളുടെ ചുമതലയാണ് ഒരാൾ വഹിക്കുന്നത്.

ദൈനംദിന ജോലികളെ ബാധിച്ചു
ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ അയ്യായിരത്തോളം ജീവനക്കാർ പൂർണമായി മുഴുകിയതോടെ സെക്രട്ടേറിയറ്റിലെ ദൈനംദിന ജോലികളെയും ബാധിച്ചു. 90 ദിവസത്തേക്കാണ് യജ്ഞമെന്നതിനാൽ തന്നെ അതുവരെ ഭരണസിരാകേന്ദ്രത്തിലെ ജോലികൾ മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഓരോ ഫയലും തുറന്ന് നോക്കിയാൽ മാത്രമെ പെൻഡിംഗ് ആയത് ഏത് സമയം മുതലാണെന്ന് അറിയാനാകൂ. ദീർഘനാൾ പെൻഡിംഗായ ഫയലുകൾ കണ്ടെത്തി തരംതിരിക്കുകയെന്നത് ശ്രമകരമാണ്. മാത്രമല്ല,​ പെൻഡിംഗാവാനുള്ള യഥാർത്ഥ കാരണം കണ്ടെത്തണമെങ്കിൽ ഫയൽ സൂക്ഷ്മമായി പരിശോധിക്കുകയും വേണം. ഈ തിരക്കിനിടയിലും അത്യാവശ്യമുള്ള ഫയലുകൾ ജീവനക്കാർ പരിശോധിക്കുന്നുണ്ട്.