bus

വെഞ്ഞാറമൂട്: മദ്യലഹരിയിൽ യുവാക്കൾ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. കൊട്ടാരക്കര, കുളക്കട, പൂവാംകുന്നിൽ രാഹുൽ കൃഷ്‌ണയെയാണ് (23) ഇന്നലെ രാവിലെ 10ഓടെ ആലുന്തറ ഭാഗത്തുനിന്നും വെഞ്ഞാറമൂട് സി.ഐ ബി. ജയന്റെയും, എസ്.ഐ ബിനീഷ് ലാലിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞ 28ന് രാത്രി 10.30ന് വെഞ്ഞാറമൂട് ജംഗ്ഷന് സമീപത്തുവച്ചായിരുന്നു ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസിന്റ പിറകുവശത്തെ ചില്ല് എറിഞ്ഞുതകർത്തത്. സംഘത്തിലുണ്ടായിരുന്ന അടൂർ സ്വദേശി അരുണിനെ (22) സംഭവസ്ഥലത്ത് നിന്നും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കൊട്ടാരക്കര സ്വദേശി ഷഫീക്കിനെയാണ് ഇനി പിടികിട്ടാനുള്ളതെന്ന് പൊലീസ് പറഞ്ഞു. രാഹുൽ കൃഷ്‌ണയെ കോടതിയിൽ ഹാജരാക്കി.