തിരുവനന്തപുരം: സി.പി.ഐയുടെ എറണാകുളം ഡി.ഐ.ജി ഓഫീസ് മാർച്ചിന് നേർക്കുണ്ടായ ലാത്തിച്ചാർജ് വിവാദത്തിൽ അസ്വാഭാവികതയുണ്ടെന്ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായോ എന്നതുൾപ്പെടെ വിശദമായി പരിശോധിക്കാൻ കെ.പി. രാജേന്ദ്രൻ, വി. ചാമുണ്ണി, പി.പി. സുനീർ എന്നിവരുൾപ്പെട്ട സമിതിയെ എക്സിക്യൂട്ടിവ് ചുമതലപ്പെടുത്തി.
വിഷയത്തിൽ കളക്ടറുടെ അന്വേഷണം ഉറപ്പാക്കുന്നതിലടക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലുകളുണ്ടായെങ്കിലും അത് അതേനിലയിൽ പ്രവർത്തകരെ ബോദ്ധ്യപ്പെടുത്താനായില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹത്തിന്റെ ചില പരാമർശങ്ങളും പ്രവർത്തകരിൽ തെറ്റിദ്ധാരണയ്ക്ക് വഴിവച്ചു.
അതേസമയം, വിഷയത്തിൽ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ നിലപാടുകളെയും ഇടപെടലുകളെയും എക്സിക്യൂട്ടിവ് പൂർണമായി അംഗീകരിച്ചതായി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ലാത്തിച്ചാർജിലേക്ക് നയിച്ച ഡി.ഐ.ജി ഓഫീസ് മാർച്ച് നടത്തുന്ന വിവരം സംസ്ഥാന സെന്ററിനെ അറിയിക്കുന്നതിൽ ജില്ലാ കമ്മിറ്റി വീഴ്ച വരുത്തിയെന്നും അഭിപ്രായമുയർന്നു. തലേദിവസമാണ് ഡി.ഐ.ജി ഓഫീസ് മാർച്ച് നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ അന്ന് പാർട്ടി ദേശീയകൗൺസിൽ യോഗത്തിനായി ഡൽഹിയിലായിരുന്നു. പൊലീസ് സ്റ്റേഷൻ മാർച്ച് അവസാനനിമിഷം ഡി.ഐ.ജി ഓഫീസ് മാർച്ചാക്കി മാറ്റുകയായിരുന്നു. വിവരം കൈമാറുന്നതിൽ ജില്ലാ നേതൃത്വത്തിനുണ്ടായ പാളിച്ച മൂന്നംഗ സമിതി പരിശോധിക്കും. വൈപ്പിനിലെ സി.ഐ ഓഫീസ് മാർച്ച് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട എറണാകുളത്തെ ഡി.ഐ.ജി ഓഫീസ് മാർച്ചായതിന് പിന്നിൽ സംശയങ്ങളുണ്ടെന്ന് എറണാകുളത്തെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ലഭിച്ച പരാതിയും സമിതി പരിശോധിക്കും. ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പും സമിതിക്ക് കൈമാറിയിട്ടുണ്ട്.
യോഗത്തിന്റെ തുടക്കത്തിൽ കാനം രാജേന്ദ്രൻ സംഭവത്തെക്കുറിച്ച് ദീർഘമായി വിശദീകരിച്ചു. സംഭവവിവരം അറിഞ്ഞയുടനേ മുഖ്യമന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. പിന്നീട് മന്ത്രി ഇ. ചന്ദ്രശേഖരനെ നേരിട്ട് മുഖ്യമന്ത്രിയുടെ അടുത്തേക്കയച്ചു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ അന്വേഷണത്തിന് തീരുമാനമുണ്ടായത്. സാധാരണ, ഇത്തരം സംഭവങ്ങളിൽ ആർ.ഡി.ഒയുടെ അന്വേഷണമാണ് നടക്കാറ്. വേഗത്തിൽ നടപടിയുണ്ടാവാൻ കളക്ടറുടെ അന്വേഷണം തന്നെ വഴിവയ്ക്കും. കമ്മ്യൂണിസ്റ്റുകാരുടെ സമരപാരമ്പര്യം ഓർമ്മിപ്പിച്ചാണ് താൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അതിലൊരു ഭാഗം അടർത്തിയെടുത്ത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ആദ്യം സി.പി.എം- സി.പി.ഐ തർക്കമെന്ന നിലയിലും പിന്നീട് സി.പി.ഐയിലെ ആഭ്യന്തരപ്രശ്നമെന്ന നിലയിലും എറണാകുളം സംഭവത്തെ വിവാദമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണുണ്ടായത്. ഇടതുപക്ഷം ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. ഇന്ത്യയിലെ തന്നെ ഇടതുപക്ഷത്തിന്റെ അവശേഷിക്കുന്ന തുരുത്തായ കേരളത്തിലും അതിനെ തകർക്കാൻ സംഘടിതശ്രമമുണ്ട്. ഈ നിർണായകഘട്ടത്തിൽ വാക്കുകൾ നമ്മൾ സ്വയം നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നഷ്ടം നമുക്ക് തന്നെയാവും- എറണാകുളം ജില്ലാസെക്രട്ടറി പി. രാജുവിന്റെ ചില പ്രതികരണങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് കാനം യോഗത്തിൽ പറഞ്ഞു.
ഭരണകക്ഷിയിൽ പെട്ടവർ മാർച്ച് നടത്തുമ്പോൾ പ്രകോപനമുണ്ടാവാതെ നോക്കാൻ സമരക്കാരും പൊലീസും ഒരുപോലെ ജാഗ്രത കാട്ടാറുള്ളതാണ്. ഇവിടെ അതുണ്ടാവാതെ പോയി. സ്ത്രീകളെയടക്കം പങ്കെടുപ്പിച്ച് നടത്താൻ നിശ്ചയിച്ച മാർച്ചിൽ പ്രകോപനമുണ്ടാകേണ്ട സാഹചര്യമില്ലാത്തതാണ്. പൊലീസിനകത്തെ ഒരു വിഭാഗം മനഃപൂർവം ഭരണമുന്നണിയെ കുഴപ്പത്തിലാക്കാൻ നടത്തിയ നീക്കമാണോ, പാർട്ടി പ്രവർത്തകരുടെ പ്രകോപനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം സി.പി.ഐ സമിതി പരിശോധിക്കും.