kerala-senate-

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്ക് വൈസ് ചാൻസലർ ശുപാർശ ചെയ്ത രണ്ട് സി.പി.എം നേതാക്കളെ ഒഴിവാക്കി, പുറമേ നിന്നുള്ള രണ്ടു പേരെ ഗവർണർ നാമനിർദ്ദേശം ചെയ്തു. എഴുത്തുകാരുടെ ക്വാട്ടയിൽ ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാൻ, അഭിഭാഷക ക്വാട്ടയിൽ ജി.സുഗുണൻ എന്നിവരെയാണ് വി.സി ശുപാർശ ചെയ്‌തിരുന്നത്. സി.എം.പി പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന സുഗുണന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അടുത്തിടെയാണ് സി.പി.എമ്മിൽ ലയിച്ചത്.

ഷിജുഖാനു പകരം കേരള സ‌ർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ മലയാളം പ്രൊഫസറും എഴുത്തുകാരനുമായ ഡോ.എ.എം ഉണ്ണികൃഷ്‌ണൻ,​ സുഗുണനു പകരം പാനലിൽ താഴെയായിരുന്ന ജി.മുരളീധരൻ പിള്ള എന്നിവരെ ഗവർണർ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ഗവേഷക ക്വാട്ടയിൽ ശുപാർശ ചെയ്യപ്പെട്ട വി.എസ്.എസ്.സിയിലെ പ്രൊപ്പലന്റ് എൻജിനിയറിംഗ് വിഭാഗം ശാസ്ത്രജ്ഞൻ ഡോ.സുരാജ്, സി.എസ്.ഐ.ആറിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.രാജീവ് കെ. സുകുമാരൻ എന്നിവരെ ഒഴിവാക്കിയ ഗവർണർ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ.ടി.ജി. വിനോദ്കുമാറിനെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് ഗവർണർ നാമനിർദ്ദേശം ചെയ്തവരുടെ പട്ടിക സർവകലാശാലയ്‌ക്ക് അയച്ചത്.

ആർ.എസ്.എസ് സമ്മർദ്ദത്തിനു വഴങ്ങിയാണ് സർവകലാശാലയുടെ പാനലിനു പുറത്തുനിന്നുള്ള രണ്ടു പേരെ ഗവർണർ നാമ‌നിർദ്ദേശം ചെയ്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാർ ആഭിമുഖ്യമുള്ളവരെ കൂട്ടിച്ചേർത്തത് വിചിത്രമായ നടപടിയാണെന്നും,​ ചാൻസലർ എന്ന നിലയിലെ ചുമതലകളെ ഗവർണർ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിച്ചെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും സി.പി.എം ആഹ്വാനം ചെയ്തു.

ഗവർണറുടെ

അധികാരം

ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്ന് ചട്ടങ്ങൾ വ്യക്തമാക്കുന്നു. 106 അംഗങ്ങളുള്ള സെനറ്റിൽ 15 പേരെ ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാം. രണ്ട് ഹെഡ്മാസ്റ്റർമാരെയും നാല് വിദ്യാർത്ഥി പ്രതിനിധികളെയും വിവിധ മേഖലകളിലെ 9 വിദഗ്ദ്ധരെയുമാണ് നാമനി‌ർദ്ദേശം ചെയ്യാവുന്നത്. ഗവേഷണം, സാംസ്കാരിക പ്രവർത്തനം, ചേംബർ ഒഫ് കോമേഴ്സ്, ഇൻഡസ്ട്രീസ്, എഴുത്ത്, പത്രപ്രവർത്തനം, അഭിഭാഷകർ, സ്പോർട്സ്, ഭാഷാ ന്യൂനപക്ഷം എന്നീ മേഖലകളിൽ നിന്നായിരിക്കണം ഇവർ.