തിരുവനന്തപുരം: എറണാകുളത്ത് പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജ്ജിനെ തുടർന്ന് സി.പി.ഐ സംസ്ഥാന നേതൃത്വവും സെക്രട്ടറിയും നടത്തിയ ഇടപെടലുകളെയും കൈക്കൊണ്ട നിലപാടുകളെയും കുറച്ചു കാണിക്കാൻ ശ്രമമുണ്ടായെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രതികരണങ്ങളെ വളച്ചൊടിക്കാനും ബോധപൂർവ്വമായ നീക്കങ്ങളുണ്ടായി. ഡി.ഐ.ജി ഓഫീസ് മാർച്ചും ലാത്തിച്ചാർജും കേരള രാഷ്ട്രീയരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാക്കി മാറ്റാനും പരിശ്രമമുണ്ടായി.
ഇടതുപക്ഷരാഷ്ട്രീയം ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിത്. രാജ്യത്ത് ഇടതുപക്ഷം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ഇടതുമുന്നണിയെയും ഭരണത്തെയും സംരക്ഷിച്ചു നിറുത്തേണ്ട ബാദ്ധ്യത മുന്നണി രൂപീകരണത്തിന് മുൻകൈയെടുത്ത പാർട്ടി എന്ന നിലയിൽ സി.പി.ഐക്ക് ഏറെയാണ്. സി.പി.ഐ നേതൃത്വത്തെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാർട്ടിയെ ദുർബലപ്പെടുത്താനും അതിലൂടെ ഇടതുപക്ഷത്തെ തന്നെ ഇല്ലാതാക്കാനുമുള്ള വലിയ അജൻഡയുമായി നടക്കുന്നവരുണ്ട്. ഇടതുമുന്നണിയിൽ പ്രശ്നങ്ങളുണ്ടെന്നും മുന്നണി ശിഥിലമാകണമെന്നും ആഗ്രഹിക്കുന്നവർ ഏറെയാണ്. വലതുപക്ഷവത്കരണം എന്നത് ഗൗരവത്തോടെ കാണേണ്ട രാഷ്ട്രീയം തന്നെയായാണ് കമ്മ്യൂണിസ്റ്റുകാർ ഉൾക്കൊള്ളേണ്ടത്. വലതുപക്ഷ കേന്ദ്രങ്ങൾ ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തകർക്കാൻ നടത്തുന്ന ബോധപൂർവമായ നീക്കത്തെ കരുതിയിരിക്കണം. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി നേരിടണമെന്നും എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.