amboori-murder

തിരുവനന്തപുരം: അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടെ മൊബൈൽ ഫോൺ മൂന്നായി പൊട്ടിച്ച് കുറ്റിക്കാട്ടിൽ പലേടത്തായി ഉപേക്ഷിച്ചതായി കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി ഇന്നലെ നടത്തിയ തിരച്ചിലിലാണ് പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീടിനടുത്തുള്ള അമ്പൂരി വാഴച്ചാലിൽ ഫോണിന്റെ ഭാഗങ്ങൾ പൊലീസ് സംഘം കണ്ടെത്തിയത്. കൊലയ്ക്കു ശേഷം രണ്ടാം പ്രതി രാഹുലാണ് രാഖിയുടെ മൊബൈൽ പൊട്ടിച്ച് സിം ഊരിയെടുത്ത് കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞത്.

ഇന്നലെ പ്രതികളുമായി സ്ഥലത്തെത്തിയ പൊലീസിന് മൊബൈൽ ഉപേക്ഷിച്ച പ്രദേശം പ്രതികൾ കാണിച്ചു കൊടുത്തെങ്കിലും ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് ഫോൺ ഭാഗങ്ങൾ കണ്ടെത്താനായത്. കൊല്ലപ്പെടുമ്പോൾ രാഖി ധരിച്ച വസ്ത്രങ്ങളും ബാഗും കണ്ടെത്താനായിട്ടില്ല. മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കഴിഞ്ഞ ദിവസം അഖിലിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. രാഖിയുടെ ഒരു ചെരുപ്പ് മൃതദേഹം കുഴിച്ചുമൂടിയ വീടിനടുത്തെ പറമ്പിലാണ് കണ്ടെത്തിയത്.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഖിലിന്റെ മാതാപിതാക്കളെ വേണ്ടിവന്നാൽ ചോദ്യംചെയ്യുമെന്ന് പൂവാർ സി.ഐ. ബി.രാജീവ് പറഞ്ഞു. മൃതദേഹം മറവു ചെയ്യാൻ കുഴിയെടുക്കുമ്പോൾ അഖിലിന്റെ അച്ഛൻ മണിയൻ സ്ഥലത്തുണ്ടായിരുന്നതായി അയൽവാസികൾ നേരത്തേ മൊഴി നൽകിയിരുന്നു.