തിരുവനന്തപുരം: വഴിയോര കച്ചവട തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുന്ന വിധം സമഗ്രമായി നിയമം നടപ്പിലാക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്നുവന്ന അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം അവസാനിച്ചു. മന്ത്രി എ.സി. മൊയ്‌തീനുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ, സെക്രട്ടറി ആർ.വി. ഇക്ബാൽ എന്നിവർ നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ, ജനറൽ സെക്രട്ടറി ആർ. വിക്രമൻ, ജില്ലാ സെക്രട്ടറി ആർ. രാമു തുടങ്ങിയവർ സമരപ്പന്തലിലെത്തി. സമരത്തിന്റെ വിജയത്തെത്തുടർന്ന് ഇന്ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ സർക്കാരിനെ അനുമോദിച്ച് പ്രകടനം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.