കഴക്കൂട്ടം: ആകാശം നമ്മുടെ മനസല്ലോ, അതിനതിരുകളില്ലല്ലോ.. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി തത്സമയം രചിച്ച ഈ വരികൾക്ക് എം. ജയചന്ദ്രന്റെ സംഗീതവും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ആലാപന ഭംഗിയും ഒത്തുചേർന്നപ്പോൾ ബീഥോവൻ ബംഗ്ലാവ് സംഗീത സാന്ദ്രമായി. സിംഫണികളിലൂടെ ബധിരതയെ തോല്പിച്ച ജർമ്മൻ സംഗീതജ്ഞൻ ബീഥോവന്റെ സ്‌മരണാർത്ഥം മാജിക് അക്കാഡമി ഭിന്നശേഷിക്കുട്ടികൾക്കായി ഒരുക്കിയ സംഗീതവേദിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഈ സ്വരലയവിസ്‌മയം കാണികൾക്ക് പുതിയ അനുഭവമായത്. മൂവരും ചേർന്ന് ഭദ്റദീപം തെളിച്ചാണ് ബീഥോവൻ ബംഗ്ലാവ് ഉദ്ഘാടനം ചെയ്‌തത്. ചടങ്ങിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, പ്ലാനിംഗ് ബോർഡ് മെമ്പർ മൃദുൽ ഈപ്പൻ, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാജിക് പ്ലാനറ്റ് മാനേജർ ജിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.