തിരുവനന്തപുരം: ആക്കുളം പാലത്തിനടുത്ത് പ്രവർത്തിക്കുന്ന കേരള ഹോട്ടലിൽ തീപിടുത്തം. ഇന്നലെ ഉച്ചയ്‌ക്ക് 12.45ഓടെയാണ് തീപിടുത്തമുണ്ടായത്. പാചക വാതക സിലിണ്ടറിൽ ചോർച്ചയുണ്ടായി തീ അടുക്കള ഭാഗത്തേക്ക് പകരുകയായിരുന്നു. ഉച്ചയ്ക്ക് ഊണിന്റെ സമയമായതിനാൽ ഹോട്ടലിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഓലകൊണ്ട് നിർമിച്ച മേൽക്കൂരയിലേക്ക് പടരുന്നതിന് മുൻപ് തന്നെ തീ നിയന്ത്രണവിധേയമാക്കാനായി. ചാക്ക ഫയർ സ്റ്രേഷനിൽ നിന്നും ടെക്നോപാർക്ക് ഫയർ സ്റ്രേഷനിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റ് വീതമെത്തിയാണ് തീഅണച്ചത്. ഹോട്ടലിൽ 18ഓളം ഗ്യാസ് നിറച്ച സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നെങ്കിലും അവയിലേക്കും തീ പടരാത്തത് വൻ അപകടം ഒഴിവാക്കി. അടുക്കളയുടെ ഭാഗങ്ങളും മേൽക്കൂരയും ഭാഗികമായി കത്തിനശിച്ചതൊഴികെ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.