തിരുവനന്തപുരം: ലോക്സഭയിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം ജനങ്ങളുടെ മനസറിയാനായി നടത്തിയ ഗൃഹസന്ദർശന പരിപാടിയിലൂടെ കേട്ട വിമർശനങ്ങളും അഭിപ്രായനിർദ്ദേശങ്ങളും സി.പി.എം വിശദമായി പരിശോധിക്കുന്നു. ഇതിനായി ആറ് ദിവസം നീളുന്ന സംസ്ഥാന നേതൃയോഗങ്ങൾ ഈ മാസം ചേരും. അപൂർവമായാണ് തുടർച്ചയായി ആറ് ദിവസം നേതൃയോഗങ്ങൾ ചേരാറ്. ഈ മാസം 18 മുതൽ 20 വരെ സംസ്ഥാന സെക്രട്ടേറിയറ്റും 21 മുതൽ 23 വരെ സംസ്ഥാനകമ്മിറ്റിയുമാണ് ചേരുക. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീയതി സംബന്ധിച്ച ധാരണയായത്.
ശബരിമല വിഷയത്തിലുൾപ്പെടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും സമീപനം പാർട്ടി അനുഭാവികളിലടക്കം തെറ്റിദ്ധാരണ ശക്തമാക്കിയെന്നാണ് ഗൃഹസന്ദർശനം പൂർത്തിയാക്കിയപ്പോൾ നേതൃത്വത്തിനുണ്ടായിട്ടുള്ള അനുഭവം. പലരും വിമർശനം കടുപ്പിച്ച് തന്നെ നേതാക്കളോട് പ്രകടമാക്കി. നയത്തിൽ വിയോജിപ്പുകളുണ്ടെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞവരും ഉണ്ട്. ബ്രാഞ്ച് അടിസ്ഥാനത്തിൽ തന്നെ വീട്ടുകാരിൽ നിന്നുണ്ടായ പ്രതികരണങ്ങൾ ക്രോഡീകരിച്ച് ജില്ലാ കമ്മിറ്റികൾക്ക് കൈമാറാനും ജില്ലാ കമ്മിറ്റികൾ അത് സംസ്ഥാനസെന്ററിന് കൈമാറാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടുകളാവും ആറ് ദിവസത്തെ നേതൃയോഗങ്ങൾ ചർച്ച ചെയ്യുക. ശബരിമല വിഷയത്തിലെ വസ്തുത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ഇടപെടലുകൾ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവും. മറ്റ് പോരായ്മകൾ ജില്ലാ കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നവയുണ്ടെങ്കിൽ അവയിന്മേലുള്ള തിരുത്തൽ നടപടികളുമുണ്ടാവും. പ്രാദേശികവിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിൽ കീഴ്ഘടകങ്ങളിലെ നേതാക്കൾക്ക് വീഴ്ചകളുണ്ടാകുന്നുവെന്ന വിമർശനമുണ്ട്. മനോഭാവത്തിൽ ധാർഷ്ഠ്യം പ്രകടമാകുന്ന സംഭവങ്ങളുണ്ട്. ഇതെല്ലാം വിശദമായി വിലയിരുത്തി വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും അടുത്ത വർഷത്തെ തദ്ദേശതിരഞ്ഞെടുപ്പിനും തൊട്ടുപിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനും സജ്ജമാക്കുകയാണ് ദൗത്യം.
സി.പി.ഐ - സി.പി.എം ഉഭയകക്ഷിചർച്ചയും നടത്തി
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന് പിന്നാലെ ഇന്നലെ നടന്ന സി.പി.ഐ - സി.പി.എം.ഉഭയകക്ഷി ചർച്ചയിൽ എറണാകുളം ലാത്തിച്ചാർജ് വിഷയം സി.പി.ഐ നേതാക്കൾ പ്രധാനമായും ഉയർത്തി. കളക്ടറുടെ റിപ്പോർട്ടിന്മേൽ നടപടി ശുപാർശ ചെയ്യാനായി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും വീഴ്ചയില്ലാതെ നടപടി വരുമെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി തന്നെ സി.പി.ഐ നേതാക്കൾക്ക് നൽകിയതായാണ് വിവരം. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി ഇ. ചന്ദ്രശേഖരനും യോഗത്തിൽ പങ്കെടുത്തു.