തിരുവനന്തപുരം : ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഐ.എം.എ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തിരുവനന്തപുരം മെഡിക്കൽ കോളേജടക്കമുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ഐ.എം.എ സ്റ്റുഡൻസ് നെറ്റ്‌വർക്ക് വൈസ് പ്രസിഡന്റ് അജിത് പോൾ, ജസ്റ്റിൻ എന്നിവരാണ് കോളേജിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്നത്.സംസ്ഥാനത്തെ എല്ലാ കോളേജുകളിലും നിരാഹാര റിലേ സമരം ആരംഭിച്ചതായി നേതാക്കൾ പറഞ്ഞു. ബിൽ പാർലമെന്റിൽ പാസായെങ്കിലും നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിയമങ്ങൾ ലളിതമാക്കണമെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാരെ മരുന്ന് കുറിച്ചുകൊടുക്കാൻ അനുവദിക്കുന്ന നിയമം പിൻവലിക്കണമെന്നുമുള്ള പ്രധാന ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്‌ക്കുന്നത് . ഞായറാഴ്ച്ച കാലടിയിൽ ചേരുന്ന ഐ.എം.എ കോൺഫറൻസിൽ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും അതുവരെ കോളേജുകളിൽ പഠിപ്പ് മുടക്കി നടത്തുന്ന സമരം തുടരുമെന്നും ഐ.എം.എ സ്റ്റുഡൻസ് നെറ്റ്‌വർക്ക് വൈസ് പ്രസിഡന്റ് അജിത് പോൾ പറഞ്ഞു.
നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എം.എ, കെ.ജി.എം.ഒ.എ , കെ.ജി.എം.സി.ടി .എ , പി.ജി അസോസിയേഷൻ തുടങ്ങിയവരും വിദ്യാർത്ഥികൾക്കൊപ്പമുണ്ട്. ഞായറാഴ്ചയ്ക്ക് ശേഷം സമരത്തിന് പുതിയ രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.