തിരുവനന്തപുരം: മെഡിക്കൽകോളേജ് സൂപ്പർ സ്‌പെഷ്യാലി​റ്റി ബ്ലോക്കിലെ വർഷങ്ങൾ പഴക്കമുള്ള ടോയ്‌ലറ്റുകൾ പുനർനിർമ്മിക്കാൻ രണ്ടരക്കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഈ തുക പൊതുമരാമത്തിന് കൈമാറിയിട്ടുണ്ടെന്നും നിർമ്മാണജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സൂപ്പർ സ്‌പെഷ്യാലി​റ്റി ബ്ലോക്കിന്റെ പ്രവർത്തനം മികവു​റ്റ നിലയിൽ നിലനിറുത്താൻ തുടർന്നും ശ്രദ്ധിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സൂപ്പർ സ്‌പെഷ്യാലി​റ്റി വിഭാഗത്തിലെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിലാണ് നടപടി. സൂപ്പർ സ്‌പെഷ്യാലി​റ്റി വിഭാഗത്തിൽ 4 ലിഫ്​റ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഒരെണ്ണം പ്രവർത്തനരഹിതമായാൽ മ​റ്റൊരെണ്ണം ഉപയോഗിക്കാനാവുമെന്നും ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ഉപയോഗിക്കുന്ന ശുചിമുറികളിൽ ബ്ലോക്കുണ്ടാകാറുണ്ട്. തകരാർ യഥാസമയം പരിഹരിക്കാൻ പൊതുമരാമത്തിന് ചുമതല നൽകിയിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ സർക്കാർ നിഷേധിച്ചു. മൂട്ടശല്യം ഒഴിവാക്കാൻ ബ്ലോക്കിൽ തലയിണയും മെത്തയും പായയും പ്രവേശിപ്പിക്കാൻ അനുവദിക്കാറില്ല. ജനറേ​റ്റർ പ്രവർത്തിപ്പിക്കാൻ ഡീസൽ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്.