പാലോട്: പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ജൈവ വൈവിദ്ധ്യ മേഖലയായ പെരിങ്ങമ്മലയിലെ അഗ്രി ഫാമിലാണ് മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഒരുവർഷത്തിലേറെയായി പ്രദേശവാസികൾ സമരം നടത്തുകയായിരുന്നു. പദ്ധതിക്കെതിരെ ജനങ്ങൾ നടത്തിയ സങ്കടജാഥയും കാവൽസത്യാഗ്രഹവും ഏറെ ശ്രദ്ധനേടിയിരുന്നു. പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നെന്ന വാർത്ത പുറത്തുകൊണ്ടുവന്നത് കേരളകൗമുദിയാണ്. തുടർന്ന് പദ്ധതി സ്ഥാപിക്കുന്ന പ്രദേശത്തെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്തകൾ നൽകിയിരുന്നു. ഇതോടെയാണ് പ്രശ്‌നം പരിസ്ഥിതി പ്രവർത്തകർ ഏറ്റെടുത്തത്. മുഖ്യമന്ത്രിയും ജനപ്രതിനിധികളുമായുള്ള ചർച്ചയിൽ സമരസമിതിക്കാരെ പങ്കെടുപ്പിച്ചില്ല. സർക്കാരിൽ നിന്നു രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന് സമരസമിതി അറിയിച്ചു. പെരിങ്ങമ്മല മാലിന്യപ്ലാന്റ് നിർമ്മാണം സർക്കാർ ഉപേക്ഷിക്കുന്നത് പെരിങ്ങമ്മലയിലെ സാധാരണ ജനങ്ങളുടെ വിജയമാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. മാലിന്യ സംസ്‌കരണപ്ലാന്റ് പദ്ധതി ഉപേക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു.