youth-festival-

തിരുവനന്തപുരം: കലാമാമാങ്കത്തിന് ഇക്കുറി വേദി കാസർഗോഡ് തന്നെ. സംസ്ഥാന സ്‌കൂൾ കലോത്സവം നവംബർ അവസാനവാരമോ ഡിസംബർ ആദ്യവാരമോ കാസർഗോഡ് (കാഞ്ഞങ്ങാട്) നടത്താനാണ് ഇന്നലെ ചേർന്ന ക്യു.ഐ.പി മോണി​റ്ററിംഗ് കമ്മി​റ്റി യോഗ തീരുമാനം. കായികമേള കണ്ണൂരിലും നടത്തും.

കായികമേള നവംബർ രണ്ടാം വാരമാകും നടത്തുന്നത്. തൃശൂരിൽ നവംബർ ഒന്ന് മുതൽ മൂന്നു വരെയായിരിക്കും ശാസ്ത്രമേള. സ്‌പെഷൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ പാലക്കാട് നടക്കും. അധ്യാപക ദിനത്തോട് അനുബന്ധിച്ച് സെപ്തംബർ നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇതോട് അനുബന്ധിച്ച് ടി.ടി.ഐ കലോത്സവവും നടത്തും.

ഡി.ജി.ഇ ജീവൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, വിവിധ അദ്ധ്യാപക സംഘടനാഭാരവാഹികളായ കെ.സി ഹരികൃഷ്ണൻ, സി.കെ അജിത്കുമാർ, എൻ. ശ്രീകുമാർ, എ.കെ സൈനുദ്ദീൻ, ജയിംസ് കുര്യൻ, പി.അജിത്കുമാർ, പി.വി വിജയൻ, തമീമുദ്ദീൻ എന്നിവർ പങ്കെടുത്തു